ഗാന്ധിനഗർ: മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ നവജാത ശിശുക്കളും സുരക്ഷിതരല്ല. പൊടിപടലം നിറഞ്ഞ മുറിയിലാണ് ഇവരുടെ ചികിത്സ. പോരാത്തതിന് മുറിക്കു പുറത്ത് നിർമാണ പ്രവർത്തനങ്ങളുടെ കോലാഹലം. മാസം തികയാതെ ജനിക്കുന്ന കുട്ടികളെയും മറ്റു ശാരീരിക പ്രശ്നമുള്ള കുട്ടികളെയും ചികിത്സിക്കുന്നത് കുട്ടികളുടെ ആശുപത്രിയിലാണ്.
മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ നിന്നും ഡിസ്ചാർജായ ശേഷം തുടർന്നുള്ള പരിശോധനയ്ക്കും ചികിത്സയ്ക്കായുമായിട്ടാണ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നിലവിലെ കാൻസർ വാർഡിന് താഴത്തെ നിലയിലാണ് പരിശോധന മുറി.
ഈ മുറിയുടെ സമീപത്തായി ആശുപത്രി ആവശ്യങ്ങൾക്കായുള്ള സിറിഞ്ചും മറ്റും നിറച്ച പെട്ടികളും ചാക്കുകളും അടുക്കി വച്ചിരിക്കുന്നു. ഇത് മൂലം രൂക്ഷമായ പൊടിശല്യമാണിവിടെ. ഇതോടൊപ്പമാണ് ഇവിടെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ ശല്യം. സിമന്റിന്റെ പൊടിയും പെയിന്റിന്റെ രൂക്ഷഗന്ധവും നവജാതശിശുക്കളെ ദോഷകരമായി ബാധിക്കുന്നു.
അതീവ സുരക്ഷയോടെ പരിചരിക്കേണ്ട ഈ കുഞ്ഞുങ്ങളെ ഇത്തരത്തിൽ പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ ചികിത്സിക്കുന്നത് ഗുണത്തോക്കളേറെ ദോഷമാണെന്ന് ഡോക്ടർമാരും പറയുന്നു. അമ്മമാർക്ക് മുലയൂട്ടുന്നതിനോ ഇവിടെ വരുന്ന ആളുകൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനോ വേണ്ട യാതൊരു സൗകര്യങ്ങളും ഇവിടെയില്ല.
മുകളിലത്തെ നിലയിലെ കാൻസർ വാർഡിലെ കുട്ടികളേയും ഈ പൊടിശല്യം രൂക്ഷമായി ബാധിക്കുന്നുണ്ട്. മെഡിക്കൽ സ്റ്റോർ റൂം ഇവിടെ നിന്ന് മാറ്റി സ്ഥാപിക്കാനോ അല്ലാത്തപക്ഷം സുരക്ഷിതമായ രീതിയിൽ നവജാത ശിശുക്കൾക്ക് ഇവിടെ ചികിത്സ ഒരുക്കാനോ അധികൃതർ തയ്യാറാവണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.