ഗാന്ധിനഗർ: ഒടുവിൽ കുട്ടികളുടെ ആശുപത്രിയിലെ ജനറേറ്റർ പ്രവർത്തിക്കാൻ നടപടിയായി. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ കുടിയ ശക്തിയുള്ള ജനറേറ്റർ പ്രവർത്തിക്കുന്നതിനായി 1.75 ലക്ഷം രൂപ ഐസിഎച്ച് അധികൃതർ കെഎസ്ഇബിയിൽ അടച്ചു. അടുത്ത ദിവസം തന്നെ ജനറേറ്റർ പ്രവർത്തിപ്പിക്കുവാൻ കഴിയുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കുട്ടികളുടെ ആശുപത്രിയിൽ വൈദ്യുതി ബന്ധം നിലച്ചാൽ നവജാത ശിശുക്കളും പീഡിയാട്രിക് സർജറി കഴിഞ്ഞ് കിടത്തുന്ന വെന്റിലേറ്റർ സൗകര്യമുള്ള തീവ്രപരിചരണ വിഭാഗം നിശ്ചലമാകും. ഇങ്ങനെ രണ്ടു തീവ്ര പരിചരണ വിഭാഗങ്ങളും നിശ്ചലമാകുന്നതിനെ തുടർന്ന് കുട്ടികൾ മരണപ്പെടുന്ന സംഭവം വരെ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വൈദ്യുതി നിലച്ചാൽ പകരം സംവിധാനമായ ജനറേറ്റർ ഇല്ലാത്തതാണ് കാരണമെന്ന് കണ്ടെത്തിയത്.
പകരം ഉപയോഗിച്ചിരുന്ന ജനറേറ്ററിന് അഞ്ചു കെ വി ശക്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രയോജനം ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വാർഡിന്റെ മുൻഭാഗത്ത് പ്രവർത്തിപ്പിക്കാതെയിരുന്ന 168 കെവി ശക്തിയുള്ള ജനറേറ്റർ കുട്ടികളുടെ ആശുപത്രിക്ക് നല്കിയത്. ജനറേറ്റർ മാറ്റി സ്ഥാപിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും പ്രവർത്തിപ്പിക്കുവാൻ കെ എസ് ഇ ബിയോ ഐസിഎച്ച് അധികൃതരോ തയ്യാറായില്ല.
തുടർന്ന് ജൂണ് 25 ന് രാഷ്ട്രദീപിക ഈ വിവരം റിപ്പോർട്ട് ചെയ്തു. അതിനു ശേഷം 1.75 ലക്ഷം രൂപ നിലവിലുള്ള ലൈൻ മാറ്റി ശക്തി കുടിയ പുതിയ ലൈൻ സ്ഥാപിക്കുന്നതിനായി ഐസിഎച്ച് അധികൃതരോട് കെ എസ് ഇ ബി ആവശ്യപ്പെട്ടു. പണം അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതർ തയ്യാറായില്ല.
ഈ വിവരം വീണ്ടും രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പണം അടയ്ക്കാൻ ആശുപത്രി അധികൃതർ തയ്യാറായത്. പണം അടച്ചിട്ടുള്ളതിനാൽ എത്രയും വേഗം ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.