ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ മുഴുവൻ സമയ ലാബ്, എക്സ്റേ, ഫാർമസി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് രോഗികളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ആശുപത്രിയിൽ ഈ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നിർധനരായ രോഗികളുടെ രക്ഷിതാക്കൾ.
കുട്ടികളുടെ ആശുപത്രിയിൽ വൈകുന്നേരം അഞ്ചു മണിക്ക് ഏതെങ്കിലും തരത്തിലുള്ള മരുന്ന് വാങ്ങണമെങ്കിൽ ഏകദേശം രണ്ടു കിലോമീറ്റർ യാത്ര ചെയ്യണം. രാത്രി കാലങ്ങളിൽ ഇത് നിരവധി ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ആക്ഷേപമുണ്ട്.
അപകടത്തിൽപ്പെട്ടോ അല്ലാതെയോ വരുന്ന കുട്ടികൾക്ക് എക്സ് റേ ആവശ്യമായി വന്നാലും, വിവിധ തരത്തിലുള്ള പരിശോധനകൾ വന്നാലും ഇതു തന്നെയാണ് രീതി.വികസനത്തിന്റെ പാതയിൽ മെഡിക്കൽ കോളജ് തിളങ്ങുന്ന ഘട്ടത്തിൽ കുട്ടികളുടെ ആശുപത്രിയെ അവഗണിക്കുകയാണെന്ന ആരോപണമുണ്ട്.
കുട്ടികളുടെ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസി, ലാബ്, എക്സറേ സൗകര്യങ്ങൾ സജ്ജീകരിക്കുവാൻ ഇനിയെങ്കിലും അധികൃതർ തയ്യാറാകണമെന്നാണ് ചികിത്സക്കായി എത്തുന്ന രോഗികളുടെ രക്ഷിതാക്കളുടെ ആവശ്യം.