ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ സ്കാനിംഗ് സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. നൂറു കണക്കിന് കുട്ടികൾ ചികിത്സയിൽ കഴിയുന്ന ഇവിടെ നാളിതുവരെ സ്കാനിംഗ് സൗകര്യമില്ല.
ചികിത്സയുടെ ആവശ്യമായി സ്കാനിംഗ് ആവശ്യമായി വരുന്പോൾ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുള്ള മെഡിക്കൽ കോളജ് ആശുപത്രി യിൽ പോയാണ് സ്കാനിംഗ് ചെയ്യേണ്ടി വരുന്നത്.
മെഡിക്കൽ കോളജിൽ എത്തിയാൽ അവിടെ സ്കാനിംഗിനെത്തുന്ന രോഗികളുടെ തിരക്ക് കാരണം യഥാസമയം സ്കാൻ ചെയ്യാൻ കഴിയാതെ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നു. രാത്രി സമയങ്ങളിലാണ് ഏറെ ബുദ്ധിമുട്ടുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങളുള്ളതിനാൽ ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ട്. കോവിഡ് വൈറസ് ബാധയെ തുടർന്ന് ആശുപത്രിയിൽ ഒരു രോഗിയോടൊപ്പം ഒരാളെ മാത്രമേ കൂട്ടിരിപ്പിനായി പ്രവേശിപ്പിക്കയുള്ളൂ.
അതിനാൽ സ്കാനിംഗ് ആവശ്യമായ രോഗികളുമായി രാത്രി കാലങ്ങളിൽ മെഡിക്കൽ കോളജിലേക്ക് പോകുന്നത് ഒഴിവാക്കി കുട്ടികളുടെ ആശുപത്രിയിൽ വിവിധ സ്കാനിംഗ് സൗകര്യം ഏർപ്പെടുത്താൻ അധികൃതർ തയ്യാറാകണം.