ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ന്യൂ ബോണ്‍ (നവജാത ശിശുക്കൾ) രോഗികൾക്കായി ഗുണനിലവാരം കുറഞ്ഞ വെന്റിലേറ്റർ വാങ്ങാൻ നീക്കം. ഇതിനെതിരേ ആശുപത്രിയിലെ ഡോക്ടർമാർ തന്നെ രംഗത്തു വന്നു.
ലോക നിലവാരമുള്ളതും ഹാർഡ് വാർഡ് ഉപയോഗിക്കുന്നതുമായ ഡ്രാഗർ വെന്റിലേറ്ററാണ് ഏറ്റവും ഗുണമേയുള്ളതെന്നും അത് നവജാത ശിശുക്കളായ രോഗികൾക്ക് ഏറെ പ്രയോജനമാണെന്നും കുട്ടികളുടെ വിഭാഗം ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
എന്നാൽ ഗുണമേ·യുള്ള ഈ കന്പനിയുടെ ന്യൂബോണ്‍ വെൻറിലേറ്റർ വാങ്ങുവാൻ തയാറാകാതെ ഏറ്റവും ഗുണനിലവാരം കുറഞ്ഞ ഒരു കന്പനിയുടെ വെന്റിലേറ്റർ വാങ്ങുവാൻ അധികൃതർ ശ്രമിക്കുകയാണെന്ന് ആരോപണം.കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമറ്റഡ് ആണ് വെന്റിലേറ്റർ വാങ്ങുന്നതിന് ടെൻഡർ നൽകേണ്ടത്.
കോർപറേഷനിലെ ചില ഉദ്യോഗസ്ഥമേധാവികളുടെ താല്പര്യമാണ് ഇതിന്റെ പിന്നിലെന്നും ഇത് വൻ സാന്പത്തിക അഴിമതിക്ക് കാരണമാകുവാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ ആരോപിക്കുന്നു. അതിനാൽ നവജാത ശിശുക്കളായരോഗികൾക്ക് ഗുണകരമാകുന്ന തരത്തിലുള്ള വെൻറിലേറ്ററുകൾ വാങ്ങുവാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.