ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചില ജീവനക്കാരുടെ കൃത്യ വിലോപം ആയിരക്കണക്കിന് കുരുന്നുകളുടെ സൗജന്യ ചികിത്സ നിഷേധിക്കപ്പെടുന്നു. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രകാരം വിവിധ അർധ സർക്കാർ സ്ഥാപനങ്ങൾക്ക് നല്കാനുള്ള തുകയുടെ ബില്ല് യഥാ സമയം നല്കുന്നില്ല എന്നാണ് പരാതി.
ബില്ല് യഥാ സമയം നല്കാത്തതിനാൽ സ്ഥാപനങ്ങൾക്ക് പണം ലഭിക്കുന്നില്ല. പണം ലഭിക്കാത്തതിനാൽ സൗജന്യ ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. ഇതിനെല്ലാം ഉത്തരവാദി ചില ജീവനക്കാരാണെന്ന് ആശുപത്രിയിലെ മറ്റു വിഭാഗം ആരോപിക്കുന്നു. ഇത്രയൊക്കെയായിട്ടും ആശുപത്രി അധികൃതരാവട്ടെ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല.
ആർഎസ്ബിവൈ ചികിത്സ ആനുകൂല്യമുള്ള രോഗിക്ക് വിവിധ സ്കാനിംങ്ങുകളും പരിശോധനകളും ആവശ്യമായി വരുകയാണെങ്കിൽ ഇവ പൂർണമായും സൗജന്യമായി ലഭിക്കണം. വിവിധ ലബോറട്ടറി പരിശോധനകളും, എംആർഐ സ്കാനിംഗും ആശുപത്രിയുടെ കീഴിൽ ഇല്ലാത്തതിനാൽ അർധ സർക്കാർ സ്ഥാപനങ്ങളെ ആശ്രയിക്കണം.
എന്നാൽ ഈ സ്ഥാപനങ്ങൾക്ക് കോടിക്കണക്കിന് രൂപ കുടിശികയിനത്തിൽ സർക്കാർ നൽകുവാനുണ്ട്. ഇത് നൽകാത്തത് ബിൽ യഥാസമയം സർക്കാരിന് ലഭിക്കാത്തതിനാൽ ആണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഓഫീസിൽ ഈ ബിൽ സെക്ഷൻ കൈകാര്യം ചെയ്യുന്ന ജീവനക്കാർ കൈക്കുലി നൽകുന്നവരുടെ ബിൽ മാത്രമേ യഥാസമയം നൽകുന്നുള്ളൂവെന്നാണ് ആക്ഷേപം.
ജീവനക്കാരുടെ പേരിൽ ആരോപണം ശക്തമാകുകയും രോഗികൾക്ക് അവകാശപ്പെട്ട സൗജന്യ ചികിത്സ യഥാസമയം ലഭിക്കാതായിട്ടും ആശുപത്രി അധികൃതർ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നും ആക്ഷേപമുയരുന്നു.