മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് ഭവനവായ്പയ്ക്ക് കാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചു. ഒാരോ തിരിച്ചടവിലും ഒരു ശതമാനം കാഷ്ബാക്ക് ആനുകൂല്യമാണ് ഐസിഐസിഐ ബാങ്ക് ഇടപാടുകാർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വായ്പാ കാലാവധി മുഴുവനും ഈ ആനുകൂല്യം ലഭിക്കും. 15 മുതൽ 30 വരെ വർഷം കാലാവധിയിലുള്ള ഭവനവായ്പകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
കാഷ്ബാക്ക് ആനുകൂല്യം ഇടപാടുകാരുടെ തവണയടവിൽ കുറവ് വരുത്തുകയോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയോ ആയിരിക്കും ചെയ്യുക. ആദ്യ ഇഎംഐ മുതൽ ആനുകൂല്യം ലഭിക്കും. 36-ാം ഇഎംഐ അടയ്ക്കുന്പോഴാണ് ഇത് ക്രെഡിറ്റായി ലഭിക്കുക. തുടർന്നുള്ള ഓരോ 12-ാമത്തെ ഇഎംഐക്കും ഇടപാടുകാരന് കാഷ്ബാക്ക് ക്രെഡിറ്റ് ചെയ്തു നല്കും.
30 വർഷത്തെ ഭവന വായ്പാ തിരിച്ചടവിനുള്ളിൽ പത്തു ശതമാനം സേവിംഗ്സ് ലഭിക്കത്തക്ക രീതിയിലാണ് ഈ പദ്ധതിയെന്ന് ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അനുഗ് ബാഗ്ച്ചി പറഞ്ഞു. പലിശനിരക്ക് ഇപ്പോൾ വളരെ കുറവാണ്. അതിനൊപ്പം തങ്ങൾക്ക് കഴിയുന്നത് ഇടപാടുകാർക്ക് നല്കും. വാങ്ങൽ താത്പര്യം ഉയർന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 30ന് അവസാനിച്ച ത്രൈമാസത്തിൽ ഐസിഐസിഐ ബാങ്കിന്റെ ഭവനവായ്പ 17 ശതമാനം ഉയർച്ച രേഖപ്പെടുത്തിയിരുന്നു.