കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 2024-25 സീസണിലെ അവസാന ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു ജയം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 1-0നു മുംബൈ സിറ്റി എഫ്സിയെ കീഴടക്കി.
ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 52-ാം മിനിറ്റിൽ ഖ്വാമെ പെപ്രയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ എട്ടാം ജയമാണ്. പ്ലേ ഓഫിൽ യോഗ്യത നേടില്ലെന്ന് നേരത്തേ ഉറപ്പിച്ച ബ്ലാസ്റ്റേഴ്സ്, ഇന്നലത്തെ ജയത്തോടെ 23 മത്സരങ്ങളിൽനിന്ന് 28 പോയിന്റിലേക്കെത്തി. നിലവിൽ ഒന്പതാം സ്ഥാനത്താണ് കൊച്ചി ക്ലബ്.
അതേസമയം, ഇന്നലത്തെ തോൽവി മുംബൈ സിറ്റിയുടെ പ്ലേ ഓഫ് മോഹങ്ങൾക്കു തിരിച്ചടിയായി. സമനില നേടിയാൽ പ്ലേ ഓഫ് സ്വന്തമാക്കാം എന്ന അവസ്ഥയിലായിരുന്നു മുംബൈ കളത്തിലെത്തിയത്. സീസണിൽ മുംബൈയുടെ അവസാന മത്സരം 11ന് ബംഗളൂരുവിന് എതിരേയാണ്. 12നു ഹൈദരാബാദിന് എതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം.