സ്വന്തം ലേഖിക
കൊച്ചി: കാസര്‍ഗോഡുള്ള ഒരു മോഷ്ടാവ് കൊച്ചിയിലെത്തി മോഷണം നടത്തിയ ശേഷം വേഷം മാറി തിരുവനന്തപുരത്ത് ഒളിവിൽ കഴിഞ്ഞാലും ഇനി ഉടൻ പിടിവീഴും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് (എഐ) സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ മുഖലക്ഷണം നോക്കി തിരിച്ചറിയാനുള്ള സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കേരള പോലീസ്.
കേരള പോലീസ് വികസിപ്പിച്ചെടുത്ത പോലീസ് ആപ്ലിക്കേഷനായ ഐ കോപ്സില്‍ (iCoPS) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിയാനുള്ള എഫ്ആര്‍എസ് (ഫേസ് റെക്കഗ്നിഷന്‍ സിസ്റ്റം) സംവിധാനം ആരംഭിച്ചു.
കേരള പോലീസിലെ സിസിടിഎന്‍എസ് ഡിവിഷനിലെ സാങ്കേതിക വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥരാണ് ഈ സോഫ്റ്റ് വെയര്‍ തയാറാക്കിയിരിക്കുന്നത്.
ഐ കോപ്സ് ക്രിമിനല്‍ ഗാലറിയില്‍ സൂക്ഷിച്ചിട്ടുള്ള ഒന്നര ലക്ഷത്തോളമുള്ള കുറ്റവാളികളുടെ ചിത്രങ്ങളുമായി എഐ ഇമേജ് സെര്‍ച്ച് സംവിധാനം ഉപയോഗിച്ച് സംശയിക്കുന്ന അല്ലെങ്കില്‍ പിടിക്കപ്പെടുന്ന പ്രതികളുടെ ചിത്രം താരതമ്യം ചെയ്താണു പ്രതികളെ തിരിച്ചറിയുന്നതെന്നു സൈബര്‍ ഡോം നോഡല്‍ ഓഫീസറും ഇന്റലിജന്‍സ് ഐജിയുമായ പി. പ്രകാശ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എടുത്ത ഫോട്ടോ പോലും നിമിഷങ്ങള്‍ക്കകം ഗാലറിയിലെ ചിത്രങ്ങളുമായി ഒത്തു നോക്കാനാകും.
ഇതിലൂടെ ആള് മാറാട്ടം നടത്തി മുങ്ങി നടക്കുന്നവരെ തിരിച്ചറിയാനും എഫ്ആര്‍എസ് സംവിധാനത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അടുത്തിടെ പിടിയിലായ ഒരു പ്രതിയുടെ കൂടുതല്‍ തട്ടിപ്പുകള്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പോലീസിന് കണ്ടെത്താനായിരുന്നു.
തൃശൂര്‍ വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയിലെ മുള്ളൂര്‍ക്കര സെന്റ് ആന്റണീസ് പള്ളിയുടെ ഭണ്ഡാര മോഷണശ്രമത്തിനിടെ ഒരാളെ നാട്ടുകാരുടെ സഹായത്തോടെ വടക്കാഞ്ചേരി പോലീസ് പിടികൂടിയിരുന്നു.
പിടികൂടിയ ആള് താന്‍ കുറ്റക്കാരനല്ലെന്ന രീതിയില്‍ വളരെ സാധുവായാണ് പെരുമാറിയത്. എന്നാല്‍ പ്രതിയുടെ ചിത്രം ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ കാദര്‍ ബാഷ @ ഷാനവാസ് എന്ന് മോഷ്ടാവാണെന്ന് പോലീസിനു മനസിലായി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും വാറന്റുകള്‍ ഉള്ളയാളാണെന്നും കണ്ടെത്താനായി.
വടക്കാഞ്ചേരി സ്റ്റേഷന് പരിധിയിലെ തന്നെ ഒരു അജ്ഞാത മൃതദേഹം തിരിച്ചറിയാനും ഈ സംവിധാനത്തിലൂടെ സാധിച്ചു. കാണാതാകുന്നവരെ സംബന്ധിച്ച വിവരങ്ങളും ഫോട്ടോയും പരിശോധിക്കാനും എഫ്ആര്‍എസ് വഴി സാധിക്കും.