വടകര: സാന്റ്ബാങ്ക്സ് പരിസരത്ത് ഐസ്ക്രീം വിൽക്കുന്നയാൾക്ക് അയ്യായിരത്തി പത്ത് രൂപ പിഴയിട്ട സംഭവം വിവാദത്തിൽ. പാക്കറ്റിൽ പൊതിഞ്ഞ ഐസ്ക്രീം വാങ്ങുന്നവർ കവർ അലക്ഷ്യമായി തള്ളുന്നതിന്റെ പേരിലാണ് ഐസ്ക്രീം വിറ്റയാൾക്കെതിരെ മുനിസിപ്പൽ ഹെൽത്ത് വിഭാഗം നടപടി എടുത്തിരിക്കുന്നത്. ഒരാൾ വാങ്ങുന്ന സാധനത്തിന്റെ കവർ പൊതുസ്ഥലത്ത് തള്ളിയാൽ വിൽപനക്കാരനെതിരെ എന്തടിസ്ഥാനത്തിലാണ് നടപടിയെന്ന ചോദ്യം ഉയരുകയാണ്.
സാന്റ്ബാങ്ക്സ് പോലെ ആളുകൾ ഒത്തുകൂടുന്ന സ്ഥലമായതിനാൽ ഐസ്ക്രീമിനോടൊപ്പമുള്ള കവറുകൾ മിക്ക ദിവസങ്ങളിലും വിൽപനക്കാർ തന്നെയാണ് ശേഖരിച്ച് കൊണ്ടുപോകുന്നത്. പരിസര ശുചിത്വം ഉറപ്പുവരുത്താൻ ഇവരും ശ്രദ്ധിക്കാറുണ്ട്. ചിലപ്പോൾ ഐസ്ക്രീം വാങ്ങുന്നവർ ഏതെങ്കിലും സ്ഥലത്ത് കവർ വലിച്ചെറിഞ്ഞുപോകും.
ഇത് ശ്രദ്ധയിൽപെടാതെ പോയപ്പോഴാണ് ഐസ്ക്രീം വിൽപനക്കാരന്റെ വാഹനം ഹെൽത്ത് വിഭാഗം പിടിച്ചെടുത്ത് പിഴ ചുമത്തിയിരിക്കുന്നത്. ഈ നടപടി ശരിയായില്ലെന്ന് മുനിസിപ്പൽ കൗണ്‍സിലർമാർ തന്നെ അഭിപ്രായപ്പെടുന്നു. ഒരു താക്കീതുപോലും ചെയ്യാതെയായി പിഴ ചുമത്തൽ.
മാലിന്യത്തിന്റെ പേരിൽ നഗരത്തിലെ വൻകിടക്കാരെ പോലും പിഴയൊടുക്കാതെ വിടുന്ന പ്രവണതയുണ്ടെന്നും ഐസ്ക്രീം വിൽപനക്കാരെ പോലുള്ളവരിൽ നിന്ന് ഇത്തരമൊരു പിഴ ചുമത്തിയ നടപടി ശരിയായില്ലെന്നും കൗണ്‍സിലർമാർ അഭിപ്രായപ്പെടുന്നു . നു