കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത നീതി തേടി കോടതിയെ സമീപിക്കും. തന്റെ മൊഴി ഡോക്ടര്‍ പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്ന പരാതിയില്‍ എസിപി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെതിരേയാണ് അതിജീവിത കോടതിയെ സമീപിക്കുന്നത്.
പരിശോധനാ സമയത്ത് അതിജീവിത പറഞ്ഞത് ഡോക്ടര്‍ പൂര്‍ണമായും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് മെഡിക്കല്‍ കോളജ് എസിപി കെ. സുദര്ശന് സിറ്റി പോലീസ് കമ്മീഷണര്‍ക്കു കഴിഞ്ഞ ദിവസം നല്കിയ റിപ്പോര്‍ട്ടിലുള്ളത്.
അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. പ്രീതിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് എസിപി റിപ്പോര്‍ട്ടില്‍ പറയുന്നു. അതിജീവിത ഐസിയുവിലുള്ള നഴ്സിനോട് വിവരം പറയുകയും അതുപ്രകാരം രജിസ്റ്ററില്‍ രേഖപ്പെടുത്തിയ കാര്യങ്ങളാണ് അവര്‍ ഡോക്ടറോട് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
ഡോ. പ്രീതി രേഖപ്പെടുത്തിയത് അവരുടെ നിഗമനങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ട്. ഓരോ ദിവസത്തെയും സംഭവങ്ങള്‍ രേഖപ്പെടുത്താന്‍ ഐസിയുവില്‍ സൂക്ഷിച്ച ഇന്‍സിഡന്റ് റിപ്പോര്‍ട്ട് ബുക്കില്‍ എഴുതിയ കാര്യങ്ങളും ഡോക്ടറുടെയും നഴ്സിന്റെയും മൊഴികളും സാമ്യമാണെന്നും പരാതിയില്‍ കഴമ്പില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞതായി സൂചനയുണ്ട്.
ഇന്നലെ സിറ്റി പോലീസ് കമ്മീഷണറെ കണ്ട അതിജീവിത എസിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നീതി കിട്ടുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ആലോചന.
പോലീസ് അന്വേഷണ റിപ്പോര്‍ട്ട് തീര്‍ത്തും ദുഃഖകരമാണെന്നും സംഘടനാ ബലത്തിലോ അറ്റ അധികാര സമ്മര്‍ദത്തിലോ ആണ് എസിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയതെന്നും അതിജീവിത ആരോപിച്ചു.