വലിയപറമ്പ്: ജൈവവൈവിധ്യ പൈതൃകകേന്ദ്രമാകാൻ കാത്തിരിക്കുന്ന ഇടയിലക്കാടിനു സമീപം കായലോരത്ത് സ്വകാര്യവ്യക്തിയുടെ നേതൃത്വത്തിൽ ചെങ്കല്ല് കെട്ടി അനധികൃത കെട്ടിടനിർമാണം.
പരിസ്ഥിതി സ്നേഹികളും നാട്ടുകാരും വലിയപറമ്പ് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെയും നിർമാണം നിർത്തിവയ്ക്കാൻ നടപടി കൈക്കൊണ്ടിട്ടില്ല.
സിആർസെഡ് നിയമപരിധിയിൽപ്പെടുന്ന രണ്ടാം വാർഡിലെ ഇടയിലക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കായലിൽ നിന്ന് നിശ്ചിത അകലത്തിൽ കെട്ടിടങ്ങൾ നിർമിക്കാൻ പോലും സാധാരണഗതിയിൽ അനുമതി ലഭിക്കാറില്ല.
എന്നാൽ കായലിലെ കണ്ടൽച്ചെടികൾ പോലും നശിപ്പിച്ചുകൊണ്ടു നടക്കുന്ന നിർമാണത്തിനെതിരേ പഞ്ചായത്ത് ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപമാണ് പരിസ്ഥിതിപ്രവർത്തകർ ഉയർത്തുന്നത്.
ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ നിർമാണം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകുന്നതിനുള്ള നടപടികൾ തുടങ്ങിയതായി അറിയിച്ചിട്ടുണ്ട്.
കടലിനും കായലിലും ഇടയിൽ 24 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന വലിയപറമ്പ് പഞ്ചായത്തിലെ കടലോരത്ത് റിസോർട്ട് ഗ്രൂപ്പുകൾ നടത്തിയ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തിവരികയാണ്.