കള്ളപ്പണക്കരുടെ പുതിയ തന്ത്രം! കാക്കഞ്ചേരി സ്വദേശിയുടെ സിമ്മിലേക്ക് റീചാര്‍ജ് ആയത് എട്ടുലക്ഷത്തില്‍ പരം രൂപ; റീചാര്‍ജായത് നോട്ടുകള്‍ പിന്‍വലിച്ച രാത്രിയില്‍

ideaകോഴിക്കോട്: മൊബൈല്‍ ഫോണില്‍ ലക്ഷങ്ങള്‍ റീച്ചാര്‍ജ് ചെയ്ത് സ്വകാര്യ മൊബൈല്‍ദാതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് ഉപഭോക്താവ്. നഗരത്തിലെ സ്വകാര്യ മൊബൈല്‍ ഷോപ്പില്‍ ടെക്‌നീഷ്യനായി ജോലിചെയ്യുന്ന കാക്കഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറിന്റെ ഐഡിയയുടെ സിമ്മിലേക്ക് 888,515 രൂപയ്ക്ക് ആരോ റീചാര്‍ജ് ചെയ്തതാണ്  പരാതിക്കാധാരം.

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ എട്ടിന് രാത്രി 12.49നാണ് വന്‍തുക റീചാര്‍ജായി ഫോണില്‍ കയറിയത്. എന്നാല്‍ മൊബൈലില്‍ തുക റീചാര്‍ജ് ചെയ്തത്തിന്റെ അറിയിപ്പുകളൊന്നും മെസേജ് രൂപത്തില്‍ എത്തിയതുമില്ല. ദിവസങ്ങള്‍ക്ക് ശേഷം ഐഡിയയുടെ തന്നെ ആപ്ലിക്കേഷനായ മൈ ഐഡിയ ആപ്പിലെ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് വന്‍തുക റീച്ചാര്‍ജായി ഫോണില്‍ കയറിയ വിവരം  അറിയുന്നത്.

ഐഡിയയുടെ കസ്റ്റമര്‍കെയറിലേക്ക് വിളിച്ച് കാര്യം സൂചിപ്പിച്ചപ്പോള്‍ സാങ്കേതിക തകരാറാണന്നുള്ള ഒഴുക്കന്‍മട്ടിലുള്ള പ്രതികരണമാണ്  ലഭിച്ചത്. രണ്ടു ദിവസത്തെ കാലാവധിയില്‍ ഫോണിലെ മെയിന്‍ബാലന്‍സില്‍ തുക കാണിക്കാത്ത രീതിയിലാണ് റീചാര്‍ജ് ചെയ്തിരിക്കുന്നത്. ഇതുകൊണ്ടുതന്നെ റിചാര്‍ജായി ചെയ്ത പണം ഉപയോഗിക്കാന്‍ കഴിയില്ല.

ഫോണ്‍ വിളിച്ചതിനുശേഷമുള്ള അറിയിപ്പ് സന്ദേശത്തിലും ഈ തുക കാണാന്‍ കഴിയില്ല. സാധാരണഗതിയില്‍   നോട്ട് പിന്‍വലിച്ച ദിവസം തന്നെ ലക്ഷകണക്കിന് രൂപ റീചാര്‍ജ് ഇനത്തില്‍ അക്കൗണ്ടില്‍ വന്നതിന്റെ ആശങ്കയിലാണ് ഇദ്ദേഹം. സേവനദാതാക്കള്‍ അറിയാതെ ഇത്രയും വലിയ തുക റീചാര്‍ജായി അകൗണ്ടില്‍ എത്തില്ലെന്നാണ് അബ്ദുള്‍ ബഷീര്‍ പറയുന്നത്. സാമാനമായ സംഭവം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും നോട്ട് പിന്‍വലിച്ചതിനുശേഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കണക്കില്‍ പെടാത്ത ലക്ഷങ്ങള്‍  റിച്ചാര്‍ജ് ഇനത്തില്‍ അക്കൗണ്ടില്‍ വന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും, ആദായനികുതി  ഡയറക്ടര്‍ ജനറലിനും, ഇന്റലിജന്‍സ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, ഡയറക്ടര്‍ ഓഫ് ഇന്റലിജന്‍സ്, കൊച്ചിയിലെ ഐഡിയ സെല്ലുലര്‍ ലിമിറ്റഡിനും മുഹമ്മദ് ബഷീര്‍ പരാതി നല്‍കിയിട്ടുണ്ട്.

Related posts