ഉത്സവ സീസണ്‍ കഴിഞ്ഞാല്‍ തീര്‍ത്തും ബുദ്ധിമുട്ടാണ്! ചാനല്‍ ഷോയില്‍ തിളങ്ങിയ കായംകുളം ബാബു ജീവിക്കാന്‍ പാട്ട് പാടി കൈനീട്ടുന്നു; അന്ധ ഗായകന്‍ അമ്പലമുറ്റത്ത് ഭക്തര്‍ക്ക് മുമ്പില്‍ കൈനീട്ടുന്നതിന്റെ വീഡിയോ വൈറലാവുന്നു

ചിലയാളുകള്‍ ചാനലിലൂടെയും സിനിമയിലൂടെയുമെല്ലാം പെട്ടെന്ന് പ്രശസ്തരാവുന്നതും പിന്നീട് ചില പ്രത്യേക സാഹചര്യങ്ങളാല്‍ അന്നന്നത്തെ അന്നത്തിന് പോലും വകയില്ലാതെ വലയുന്നതും പലപ്പോഴും കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള അവസ്ഥയ്ക്ക് ഏറ്റവും പുതിയ ഉദാഹരണമാവുകയാണ് ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലൂടെ മലയാളികളുടെയിടയില്‍ പ്രശസ്തനായ കായംകുളം ബാബു. ചാനല്‍ സംഗീത മത്സരത്തില്‍ തിളങ്ങിയ കായംകുളം ബാബു (45) ഇപ്പോള്‍ ഉപജീവനത്തിന് വേണ്ടി ക്ഷേത്രമുറ്റങ്ങളിലും ആള് കൂടുന്ന മറ്റിടങ്ങളിലും പാട്ട് പാടുകയാണ്. ജന്മനാ കാഴ്ചയില്ലാത്ത ബാബുവിനെ ഒന്നര വയസുള്ളപ്പോള്‍ രക്ഷാകര്‍ത്താക്കള്‍ ഉപേക്ഷിച്ചതാണ്.

കരുവാറ്റ വഴിയമ്പലത്തിന് സമീപത്തു നിന്ന് പാത്തനെന്ന ആള്‍ എടുത്ത് വളര്‍ത്തുകയായിരുന്നു. സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കിലും പതിനഞ്ചാം വയസില്‍ സംഗീതം പഠിക്കാന്‍ അവസരം കിട്ടി. പൂര്‍ണമായും കാഴ്ചയില്ലാത്ത ബാബു 2010ല്‍ സ്റ്റാര്‍ സിംഗര്‍ പരിപാടിയില്‍ എത്തിയതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പാട്ടിന്റെ മെച്ചവും കാഴ്ചയുടെ വൈകല്യവും പരിപാടിയില്‍ ബാബുവിന് കൂടുതല്‍ എസ്.എം.എസ് ലഭിക്കുന്നതിന് സഹായകരമായി. ഇതിന് ശേഷമാണ് ഗാനമേള, സംഗീതക്കച്ചേരി, ഭക്തിഗാനസുധ, ആദ്ധ്യാത്മിക പ്രഭാഷണം, ഗുരുദേവ പ്രഭാഷണം എന്നീ മേഖലകളില്‍ സജീവമായത്.

ഇതില്‍ നിന്നൊക്കെ ലഭിച്ച വരുമാനം കൊണ്ടാണ് കായംകുളം കെ.പി.എ.സിക്ക് സമീപം വസ്തുവാങ്ങി വീട് (സായികൃപ) വച്ചത്. സീസണ്‍ കഴിഞ്ഞാല്‍ ബുദ്ധിമുട്ടാണ്. പിന്നീടാണ് കായംകുളം വിജയന്‍ മാഷിനൊപ്പം സംഗീത പഠനത്തിന് തുടക്കമിട്ടത്. ഇപ്പോള്‍ അമ്പലമുറ്റത്ത് ഭഗവാന്റെ മുന്നില്‍ പാടുമ്പോള്‍ അന്നന്നത്തേക്കുള്ള വക ലഭിക്കും. വീട്ടില്‍ ഭാര്യ സിന്ധുവിനും മക്കള്‍ സായ് ലക്ഷ്മിക്കും സായ് പ്രിയയ്ക്കും കഴിഞ്ഞുകൂടാനായിട്ടാണിത്. ഉത്സവസീസണ്‍ കാലത്ത് ബുദ്ധിമുട്ടില്ല. ഗാനമേള ട്രൂപ്പുകാര്‍ ബാബുവിനെ കൊണ്ടുപോകും. അല്ലാത്തപ്പോള്‍ പാട്ടിനെ സ്‌നേഹിക്കുന്നവര്‍ കനിഞ്ഞേ മതിയാവൂ. ബാബു പറയുന്നു.

Related posts