രാജ്യത്തെ മുന്‍നിര ടെലികോം സേവനധാതാക്കളായ വോഡഫോണിന്റെയും ഐഡിയയുടെയും ലയനം അനന്തമായി നീളും. നിലവിലെ എല്ലാ കുടിശികകളും തീര്‍ത്തിട്ടു മതി ലയിക്കലെന്നതാണ് ടെലികോം മന്ത്രാലയത്തിന്റെ നിലപാട്. നേരത്തെ രണ്ടു കമ്പനികളും ചേര്‍ന്ന് 300 കോടി ഡോളര്‍ ( ഏകദേശം 19,000 കോടി രൂപ) കുടിശിക തീര്‍ക്കേണ്ടതുണ്ടായിരുന്നു. ഇതു തീര്‍ത്തെങ്കിലും വോഡഫോണ്‍ ഇന്ത്യ 4,700 കോടി രൂപ കുടിശിക തീര്‍ക്കാനുണ്ടെന്നതാണ്. വണ്‍ടൈം സ്‌പെക്ട്രം ചാര്‍ജായാണ് ഇത്രയും തുക നല്‍കാനുള്ളത്.
ഈ കുടിശിക തീര്‍ക്കാതെ രണ്ടു കമ്പനികള്‍ക്കും ഒരിക്കലും ലയിക്കാനാവില്ല. ഇതോടെ ഐഡിയയുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. തിങ്കളാഴ്ച ഐഡിയ ഓഹരികള്‍ 7.12 ശതമാനം ഇടിഞ്ഞ് 52.25 രൂപയിലെത്തി. കഴിഞ്ഞ ജനുവരിയില്‍ 115 രൂപ വരെ എത്തിയ ഓഹരിയാണ് ഇപ്പോള്‍ കുത്തനെ താഴോട്ടു പോയിരിക്കുന്നത്. ടെലികോം വിപണിയിലെ ശക്തരായ ഭാര്‍തി എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നിവരെ മറികടക്കാന്‍ ലക്ഷ്യമിട്ടാണ് വോഡഫോണും ഐഡിയയും ഒന്നിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ലയിക്കുന്നതിന്റെ മുന്നോടിയായി ലൈന്‍സ് ഫീസുകള്‍, സ്‌പെക്ട്രം ഉപയോഗ ചാര്‍ജുകള്‍, വണ്‍ ടൈം സ്‌പെക്ട്രം ചാര്‍ജുകള്‍ എന്നിവ രണ്ടു കമ്പനികളും സര്‍ക്കാരിന് നല്‍കേണ്ടതുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ഇരുകമ്പനികളും ലയിക്കാന്‍ തീരുമാനമെടുക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ‘റിലയന്‍സ് ജിയോ’ വമ്പന്‍ സൗജന്യ ഓഫറുകളുമായി രംഗത്തെത്തിയതോടെ ഇന്ത്യന്‍ ടെലികോം വിപണിയിലുണ്ടായ വന്‍ മാറ്റമാണ് ഇന്ത്യയിലെ ബിസിനസ് ഐഡിയയില്‍ ലയിപ്പിക്കാന്‍ വോഡഫോണിനെ പ്രേരിപ്പിച്ചത്. ഇരു കമ്പനികളും ലയിക്കുന്നതോടെ വോഡഫോണിന് 45 ശതമാനം ഓഹരികള്‍ സ്വന്തമാകും. മൂന്നു വീതം ഡയറക്ടര്‍മാരെ പുതിയ ബോര്‍ഡിലേക്ക് ഇരുകമ്പനികളും നോമിനേറ്റ് ചെയ്യും. ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്ക്കായിരിക്കും.
ലയനം സാധ്യമായാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണു രൂപപ്പെടുക. ഹച്ചിസണിന്റെ ടെലികോം ബിസിനസ് ഏറ്റെടുത്ത് 2007 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ വോഡഫോണ്‍ വിപണി വിഹിതത്തില്‍ രണ്ടാം സ്ഥാനത്താണെങ്കിലും സാമ്പത്തികമായി പല പ്രതിസന്ധികളിലും അകപ്പെട്ടു. ഹച്ചിസണ്‍ ഇടപാടില്‍ 13000 കോടി രൂപ നികുതി ഒടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കമ്പനി കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. 2016 ല്‍, ഇന്ത്യയിലെ ബിസിനസ്‌നഷ്ടമായി 335 കോടി ഡോളര്‍ (22500 കോടി രൂപ) എഴുതിത്തള്ളിയ കമ്പനി പുതുതായി 700 കോടി ഡോളര്‍ (47000 കോടി രൂപ) മുതല്‍ മുടക്കുകയും ചെയ്തു. ബ്രിട്ടിഷ് കമ്പനിയായ വോഡഫോണിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് വോഡഫോണ്‍ ഇന്ത്യ. ആദിത്യ ബിര്‍ല ഗ്രൂപ്പിന് 42.2% ഓഹരിയുള്ള ഐഡിയ സെല്ലുലാറില്‍ മലേഷ്യന്‍ കമ്പനിയായ ഏക്‌സ്യാറ്റ ഗ്രൂപ്പിന് 19.8% ഓഹരിയുണ്ട്. മുമ്പ് ജൂണ്‍ 30നകം ലയിക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും ഇപ്പോഴത്തെ സ്ഥിതിയില്‍ ലയനം എന്നു നടക്കുമെന്ന് ഉറപ്പു പറയാനാവാത്ത അവസ്ഥയിലാണ് കമ്പനികള്‍.