മെൽബൺ/മുംബൈ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അഞ്ച് താരങ്ങൾ ബയോ സെക്യൂർ ബബിൾ പൊട്ടിച്ച് പുറത്തുപോയെന്ന വാർത്ത നിഷേധിച്ച് ബിസിസിഐ.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, പൃഥ്വി ഷാ, നവ്ദീപ് സൈനി എന്നിവർ വർഷാരംഭ ദിനത്തിൽ മെൽബണിലെ ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചെന്നും മറ്റുള്ളവരുമായി അടുത്തിടപഴകിയെന്നുമായിരുന്നു റിപ്പോർട്ട്.
ഈ അഞ്ച് താരങ്ങളും കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ ആരോപണമാണ് ബിസിസിഐ നിഷേധിച്ചത്.
ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും താരങ്ങളുടെ കോവിഡ് മാനദണ്ഡ ലംഘനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും ഓസീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
രോഹിത്, പന്ത്, ഷാ, സൈനി, ഗിൽ എന്നിവർ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ നവൽദീപ് സിംഗ് എന്ന ആരാധകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവാദത്തിനു തിരികൊളുത്തിയത്.
ഇന്ത്യൻ താരങ്ങളുടെ ബിൽ തുക താനാണ് അടച്ചതെന്നും ഒരു ബില്ലിന്റെ ചിത്രം സഹിതം അയാൾ അവകാശവാദമുന്നയിച്ചു. 8689 രൂപ വരുന്ന ബില്ലാണ് ഇയാൾ ട്വീറ്റ് ചെയ്തത്.
തുക അടച്ചതായി അറിഞ്ഞപ്പോൾ രോഹിത്തും പന്തും അടുത്തുവരികയും ഫോട്ടോയെടുത്തെന്നും പന്ത് കെട്ടിപ്പിടിച്ചെന്നും നവൽദീപ് അവകാശപ്പെട്ടു. സംഭവം വിവാദമായതോടെ താരങ്ങൾ അടുത്തുവന്നില്ലെന്ന തിരുത്തലുമായും ഇയാൾ രംഗത്തെത്തി.