മൂന്നാർ: കാലവർഷമെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രളയത്തിനുശേഷമുള്ള പുനർനിർമാണം വൈകുന്നത് മലയോര മേഖലയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. പ്രളയം തകർത്തെറിഞ്ഞ റോഡുകൾ, പാലങ്ങൾ ഉൾപ്പെടെയുള്ളവയുടെ പുനരുദ്ധാരണം നടത്താതെയാണ് മലയോര മേഖല കാലവർഷത്തെ നേരിടാനൊരുങ്ങുന്നത്. പ്രളയത്തിനുശേഷം 10 മാസം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ പുനർ നിർമാണം നടത്താത്തത് മഴക്കാലത്ത് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗവ. കോളജിനു സമീപം മണ്ണിടിഞ്ഞുവീണ് തകർന്ന റോഡിൽ ഒന്നും ചെയ്തിട്ടില്ല. സൈന്യം യുദ്ധകാലാടിസ്ഥാനത്തിൽ നിർമിച്ച താൽക്കാലിക പാതയിലൂടെയാണ് ഇപ്പോഴും വാഹനങ്ങൾ കടന്നുപോകുന്നത്. ഇതിന്റെ ഒരുവശത്ത് മണ്ണിടിച്ചിടിലിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നു.
കരിങ്കല്ലുകൾ നിരത്തി മെറ്റലും മണ്ണും ഇട്ടുനിരത്തിയ പാത ശക്തമായ മഴയിൽ ഒലിച്ചുപോകാനും സാധ്യതയുണ്ട്. അടുത്തിടെ നിർമാണം ആരംഭിച്ച പെരിയവര പാലവും ആശങ്കയുണർത്തുന്നു. താൽകാലികമായി നിർമിച്ചിട്ടുള്ള പാലത്തിനു മുകളിൽ വെള്ളമുയരാനുള്ള സാഹചര്യമുണ്ട്.
പഴയമൂന്നാറിലെ ഹൈറേഞ്ച് ക്ലബ്ബിനുസമീപം തകർന്ന പാലവും നന്നാക്കാൻ നടപടിയില്ല. ശക്തമായ ഒഴുക്കിൽ ഒലിച്ചുപോയ പെരിയവര തൂക്കുപാലത്തിന്റെ നിർമാണവും എങ്ങുമെത്തിയിട്ടില്ല. തകർന്ന മൂന്നാറിലെ റോഡുകൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പ്രത്യേക തുക അനുവദിച്ചെങ്കിലും റോഡുകളുടെ നിലയും ആശാവഹമല്ല. മൂന്നാറിൽ നിന്നും പഴയമൂന്നാറിലേയ്ക്ക് പോകുന്ന പാതയുടെ ഒരുവശത്തായുള്ള ഗർത്തവും അപകടഭീഷണിയാണ്.
ടൗണിൽ നിന്നും തൊഴിലാളികൾ താമസിക്കുന്ന തോട്ടം മേഖലകളിലേക്കുള്ള പാതകൾ ശോച്യാവസ്ഥയിലാണ്. പ്രധാന പാതയോരങ്ങളുടെ വശത്തായി മണ്ണിടിഞ്ഞ ഭാഗങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് കഴിഞ്ഞിട്ടില്ല. മൂന്നാറിന്റെ പ്രവേശന കവാടമായ പഴയമൂന്നാറിലെ ഹെഡ് വർക്സ് ഡാമിനോടു ചേർന്ന് ദേശീയപാതയുടെ ഒരുവശത്തായുള്ള മണ്ചെരിവും ഭീഷണിയാണ്.
ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രം, മൂന്നാർ എൻജിനിയറിംഗ് കോളജ് എന്നിവിടങ്ങളിലേക്കുള്ള റോഡുകളും തകർന്ന നിലയിലാണ്. മഴക്കാലത്ത് ജലനിരപ്പുയർത്ത് ഗതാഗതം തടസപ്പെടുന്ന പഴയമൂന്നാറിലെ എൽപി സ്കൂളിനു സമീപമുള്ള ഭാഗത്തും സുരക്ഷാ മുൻകരുതലുകളില്ല. പെരിയവരയിൽ തകർന്ന പാലം സന്ദർശിച്ച മന്ത്രിയും എംപിയുമടക്കമുള്ളവർ നിർമാണം അടിയന്തരമായി പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.