സിജോ പൈനാടത്ത്
കൊച്ചി: തുലാമഴ ശക്തിപ്പെട്ടാൽ സംസ്ഥാനത്തെ ഡാമുകൾ പലതും തുറന്നിടേണ്ടിവരുമെന്നു സൂചന.
ഇടുക്കി ഉൾപ്പെടെ കേരളത്തിലെ മിക്ക ഡാമുകളിലും നിലവിലെ ജലനിരപ്പ് 80 ശതമാനത്തിനു മുകളിലാണ്.
കാലവർഷത്തിൽ സംസ്ഥാനത്തു ലഭിച്ച മഴയുടെ അളവിൽ 2021നെ അപേക്ഷിച്ചു 25 ശതമാനം കുറവുണ്ടായെങ്കിലും ഡാമുകളെല്ലാം സമൃദ്ധമാണ്.
ഇടുക്കിയിൽ ജലനിരപ്പ് 81 ശതമാനത്തിലെത്തിയിട്ടുണ്ടെന്നു കെഎസ്ഇബിയുടെ കളമശേരിയിലെ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
രണ്ടു ദിവസമായി ഇടുക്കി ഡാമിലെ ജലനിരപ്പിൽ വ്യത്യാസമില്ല. ഇടമലയാർ ഡാമിൽ 81 ശതമാനമാണു ജലനിരപ്പ്. കുണ്ടള ഡാമിൽ 94 ഉം പന്പയിൽ 82 ഉം പൊന്മുടിയിൽ 90 ഉം ശതമാനം വെള്ളമുണ്ട്.
ചാലക്കുടി പുഴയിലേക്കു വെള്ളമൊഴുക്കുന്ന ഷോളയാർ ഡാമിൽ ഇന്നലത്തെ ജലനിരപ്പ് 95 ശതമാനത്തിലെത്തി. ജലനിരപ്പു വലിയ തോതിൽ ഉയർന്നാലാകും ഡാമുകളുടെ ഷട്ടർ ഉയർത്തുക.
പദ്ധതിപ്രദേശങ്ങളിൽ മഴ കനക്കുമെന്ന സൂചനയായാൽ ജലനിരപ്പു നിയന്ത്രിക്കാൻ ചെറിയ അളവിൽ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയേക്കും.
അതേസമയം ലോവർ പെരിയാർ, പെരിങ്ങൽക്കുത്ത് ഡാമുകളിലെ ജലനിരപ്പ് സംഭരണശേഷിയേക്കാൾ ഏറെ താഴെയാണ്.
ഇക്കുറി തുലാവർഷം കേരളത്തിലും തമിഴ്നാട്ടിലും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വിദഗ്ധർ ചുണ്ടിക്കാട്ടുന്നുണ്ട്.
വടക്കുകിഴക്കൻ മൺസൂൺ ഡിസംബർ പകുതിവരെ നീളും. തുലാമഴ ശക്തമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇന്നു തെക്കൻ ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്.