തൊടുപുഴ: ഒപ്പം താമസിച്ചിരുന്ന യുവതി മാതാപിതാക്കൾക്കൊപ്പം പോയതിനെത്തുടർന്ന് യുവാവ് പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
തൊടുപുഴ നഗരത്തിൽ പോലീസ്സ്റ്റേഷനു സമീപത്തെ പാലത്തിൽനിന്നാണ് കോലാനി സ്വദേശി ജോജോ ജോർജ് പുഴയിൽചാടി യത്.
വിവരമറിഞ്ഞെത്തിയ പോലീസും ഫയർഫോഴ്സും രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് പാലത്തിൽനിന്നു തൊടുപുഴയാറിലേക്ക് യുവാവ് ചാടിയത്. സംഭവം കണ്ട വഴിയാത്രക്കാർ ഉടൻതന്നെ വിവരം പോലീസിനെ അറിയിച്ചു.
പോലീസ് എത്തിയെങ്കിലും ഒഴുക്ക് ശക്തമായ പുഴയിലേക്കിറങ്ങാൻ സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സിനെ വിളിച്ചുവരുത്തി.
ഈ സമയം ഒഴുക്കിൽപ്പെട്ട ജോജോ നീന്തി പാലത്തിന്റെ കോണ്ക്രീറ്റ് തൂണിൽ കയറിപ്പിടിച്ചു.
തുടർന്ന് അഗ്നിരക്ഷാ സേനാംഗം നീന്തിയെത്തി ഒഴുകിപ്പോകാതെ ജോജോയെ ഇവിടെ സുരക്ഷിതനാക്കി.
മറ്റ് സേനാംഗങ്ങൾ പുഴയുടെ മധ്യത്തിലേക്ക് നീന്തിയെത്താൻ ശ്രമിച്ചെങ്കിലും ശക്തമായ അടിയൊഴുക്ക് മൂലം സാധിച്ചില്ല.
തുടർന്ന് പാലത്തിൽനിന്നു കെട്ടിയ വടത്തിൽ തൂങ്ങിയാണ് സേനാംഗങ്ങൾ പുഴയിലേക്കിറങ്ങിയത്.പിന്നീട് വലയുപയോഗിച്ച് ജോജോയെ കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്കു മാറ്റി.
ഇടുക്കി സ്വദേശിയായ യുവതിയുമായി ജോജോ പ്രണയത്തിലായിരുന്നു. ഒരു മാസം മുന്പ് വീട്ടിൽ നിന്നിറങ്ങിയ യുവതി ഇയാൾക്കൊപ്പം കോലാനിയിലെ വീട്ടിലായിരുന്നു താമസം.
എന്നാൽ മൂന്നു ദിവസം മുന്പ് ജോജോ മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്ന വിവരം യുവതി അറിഞ്ഞു. ഇതോടെ മാതാപിതാക്കളെ യുവതി വിളിച്ചുവരുത്തി.
മകളെ കൂട്ടിക്കൊണ്ടു പോകാൻ ഇവരെത്തിയപ്പോൾ ജോജോയുമായി വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി.
തിരികെപ്പോയ ഇവർ മകളെ രക്ഷിക്കണമെന്ന അഭ്യർഥനയുമായി ഇ-മെയിൽ വഴി തൊടുപുഴ പോലീസിനു പരാതി നൽകി.
പോലീസ് ഇന്നലെ രാവിലെ ഇവരെയും യുവതിയുടെ മാതാപിതാക്കളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി. മാതാപിതാക്കൾക്കൊപ്പം പോകാനാണ് താത്പര്യമെന്ന് അറിയിച്ചതോടെ യുവതി ഇവർക്കൊപ്പം പോകുകയായിരുന്നു.
തുടർന്നാണ് പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങിയ ജോജോ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോജോ അപകട നില തരണം ചെയ്തതായി പോലീസ് പറഞ്ഞു.
സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന ആദ്യഭാര്യ പിണങ്ങി കുഞ്ഞിനോടൊപ്പം വേറെ താമസിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് ഡിവൈഎസ്പി എം.ആർ.മധുബാബു, സിഐ വി.സി.വിഷ്ണുകുമാർ എന്നിവർ നേതൃത്വം നൽകി.