തൊടുപുഴ: പുതിയ ജല വിതരണ പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കുന്നതിനു കുത്തിപ്പൊളിച്ച റോഡ് സഞ്ചാര യോഗ്യമാക്കാൻ നടപടിയില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന തൊടുപുഴ – വാണിയപ്പിള്ളി റോഡാണ് (വാട്ടർ അഥോറിറ്റി റോഡ്) നാളുകളായി കുണ്ടും കുഴിയുമായി കിടക്കുന്നത്.
വാട്ടർ അഥോറിറ്റി തൊടുപുഴ പിഎച്ച് ഡിവിഷന്റെ കീഴിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പുതിയ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചിട്ട് മൂന്നു മാസത്തോളമായി. ഇതിനിടെ കൊച്ചിയിൽ വാട്ടർ അഥോറിറ്റി പൈപ്പിടുന്നതിനായി കുഴിച്ച കുഴിയിൽ വീണ് ഇന്നലെ ബൈക്ക് യാത്രികൻ മരിച്ചതോടെ റോഡ് ഉടൻ തന്നെ സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി.
നിർമാണ ജോലികൾ മന്ദഗതിയിലായതോടെ നൂറുകണക്കിന് വാഹനങ്ങൾ ആശ്രയിക്കുന്ന ഈ റോഡിലൂടെ വാഹനയാത്രയും കാൽനടയാത്രയും ദുഷ്ക്കരമായി മാറിയിരിക്കുകയാണ്. 350 മീറ്റർ നീളമുള്ള റോഡിൽ 200 മീറ്റർ ഭാഗത്താണ് പൈപ്പിടൽ ജോലികൾ നടന്നു വരുന്നത്.
15 ദിവസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി റോഡ് നന്നാക്കുമെന്ന വ്യവസ്ഥയിലാണ് ജോലികൾ തുടങ്ങിയതെന്നു നാട്ടുകാർ പറയുന്നു. എന്നാൽ മൂന്നു മാസമായിട്ടും നിർമാണം പൂർത്തിയായിട്ടില്ല. പൈപ്പിടുന്നതിനായി കുഴിയെടുത്ത ഭാഗമെല്ലാം തകർന്ന് സഞ്ചരിക്കാൻ സാധിക്കാത്ത വിധം കിടക്കുകയാണ്. ഏറെ തിരക്കുള്ള ഈ റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ട നിലയിലാണ്.
ഇതുവഴി സഞ്ചരിച്ചിരുന്ന വാഹനങ്ങൾ മൂന്നു കിലോമീറ്റർ ചുറ്റി വളഞ്ഞാണു ഇപ്പോൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. ഒട്ടേറെ കുടുംബങ്ങൾ ഈ ഭാഗത്ത് താമസിക്കുന്നുണ്ട്. ഇതിനു പുറമെ റോഡിന്റെ ശോച്യാവസ്ഥ മൂലം ജല അഥോറിറ്റി ഓഫിസിലേക്ക് എത്തുന്ന ആളുകൾ ഉൾപ്പെടെ ബുദ്ധിമുട്ടുകയാണ്. സ്കൂൾ, കോളജ് വിദ്യാർഥികളും മറ്റു വഴികളിലൂടെയാണ് യാത്ര ചെയ്യുന്നത്. ഓട്ടോകളും മറ്റും ഈ റോഡിലൂടെ ഓട്ടം വരാൻ തയാറാകാറില്ലെന്നും പ്രദേശവാസികൾ പറയുന്നു.
നാട്ടുകാർ സമരത്തിലേക്ക്
പൈപ്പിടൽ ജോലികൾക്കായി വെട്ടിപ്പൊളിച്ച റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കാരുണ്യ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
15 ദിവസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി റോഡ് കോണ്ക്രീറ്റ് ചെയ്യാമെന്ന വ്യവസ്ഥയിലാണ് ജോലികൾ തുടങ്ങി വച്ചത്. എന്നാൽ മൂന്നുമാസമായിട്ടും പണികൾ തീർന്നിട്ടില്ല. ഈ പൈപ്പിടുന്നതിനായി പത്തു ദിവസമേ എടുത്തുള്ളുവെങ്കിലും ഇപ്പോൾ റോഡ് സഞ്ചരിക്കാൻ സാധിക്കാത്തവിധം കിടക്കുകയാണെന്നും ഇവർ ആരോപിച്ചു. പ്രസിഡന്റ് അഡ്വ. ഇ.എ. റഹിം അധ്യക്ഷത വഹിച്ചു.
അടുത്ത മാസം ടാറിംഗ്
കിഫ് ബി പദ്ധതി പ്രകാരമുള്ള പുതിയ പദ്ധതിയുടെ പന്പിംഗ് ലൈൻ സ്ഥാപിക്കുന്ന ജോലികളാണ് നടന്നുവരുന്നത്. ഇതു ഏകദേശം പൂർത്തിയായി. ഈ മാസം തന്നെ വെള്ളം പന്പ് ചെയ്ത് പൈപ്പിന്റെ കാര്യക്ഷമത പരിശോധിക്കും. തുടർന്ന് വാട്ടർ അഥോറിറ്റി തന്നെ റോഡിന്റെ ടാറിംഗ് ജോലികൾ പൂർത്തിയാക്കും. ജനുവരി പകുതിയോടെ ടാറിംഗ് പൂർത്തിയാക്കുമെന്ന് വാട്ടർ അഥോറിറ്റി പ്രോജക്ട് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഇ.ജെ.ആന്റണി പറഞ്ഞു.