കട്ടപ്പന: പേമാരിക്കിടെ സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിൽ വലഞ്ഞ് ജനം. സംസ്ഥാനത്തൊട്ടാകെ വൈദ്യുതി മുടങ്ങുമെന്നും പെട്രോൾ പന്പുകൾ അടച്ചിടുമെന്നും കെ എസ്ഇബിയുടെ വൻകിട അണക്കെട്ടുകൾ തുറക്കുമെന്നുമുള്ള വ്യാജപ്രചാരണങ്ങളാണ് കാട്ടുതീ പോലെ പടർന്നത്.
പിന്നാലെ വൈദ്യുതിമുടക്കത്തെക്കുറിച്ചറിയാൻ കെ എസ്ഇബി ഓഫീസുകളിലേക്കു നിലയ്ക്കാത്ത ഫോണ്‍വിളി പ്രവാഹമായിരുന്നു. ഉദ്യോഗസ്ഥർ വലഞ്ഞതോടെ വൈദ്യുതി മന്ത്രി എം.എം. മണി ഫേസ്ബുക്കിൽ കുറിപ്പിട്ടു. വ്യാജപ്രചാരണത്തിൽ വീഴരുതെന്നും തെറ്റായ പ്രചാരണമാണെന്നും മന്ത്രി അറിയിച്ചു. പെട്രോൾ പന്പുകൾ അടച്ചിടുമെന്നു ഭയത്താൽ ഇന്ധനം നിറയ്ക്കാൻ പെട്രോൾ പന്പുകളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.
ഇടുക്കി, പന്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ ഡാമുകൾ തുറക്കുമെന്ന വ്യാജ വാർത്തയും ജനത്തെ പരിഭ്രാന്തരാക്കി. ഒടുവിൽ കെ എസ്ഇബിയും ഫേസ്ബുക്കിൽ അറിയിപ്പിടേണ്ടിവന്നു. ഇതിനിടെ ചില പ്രധാനപാതകളിൽ ഗതാഗതം തടസപ്പെട്ടുവെന്നും വ്യാജപ്രചാരണമുണ്ടായി. വ്യാജവാർത്തകളുടെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൈബർ ഡോം, സൈബർ സെൽ, പോലീസ് ആസ്ഥാനത്തെ ഹൈടെക് സെൽ എന്നിവിടങ്ങളിൽ പ്രത്യേക വിഭാഗം രൂപീകരിച്ചാണ് അന്വേഷണം. കഴിഞ്ഞപ്രളയകാലത്ത് മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നുവെന്നു വ്യാജപ്രചാരണം നടത്തിയയാളെ പോലീസ് പിടികൂടിയിരുന്നു.