സ്വന്തം ലേഖകൻ
ഇടുക്കി: മഴ വീണ്ടും ശക്തിപ്രാപിച്ചപ്പോൾ ഇടുക്കിജില്ലയിൽ വ്യാപക ഉരുൾപൊട്ടൽ. ജില്ലയിൽ ഇന്നലെ മാത്രം ചെറുതും വലുതുമായ ഇരുപതോളം ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളുമാണ് ഉണ്ടായത്. മഴക്കെടുതി വ്യാപകമായി. ഇടുക്കിയെ വിഴുങ്ങുകയാണ്. ഗതാഗതസംവിധാനവും വാർത്തവിതരണ സംവിധാനവും തകർന്നു.
ഉരുൾപൊട്ടലിൽ ചെറുതോണി ഉപ്പുതോട് ഒരു കുടുംബത്തിലെ മൂന്നു പേർ ഉൾപ്പെടെ നാലു പേരെ കാണാതായി. ഉപ്പുതോട് – ചിറ്റടിക്കവല റൂട്ടിൽ ഇടശേരിക്കുന്നേൽപ്പടി ജംഗ്ഷനിൽ അയ്യപ്പൻകുന്നേൽ മാത്യു, ഭാര്യ രാജമ്മ, മകൻ വിശാൽ, മകന്റെ സുഹൃത്ത് ടിന്റു മാത്യു കാർക്കാംതൊട്ടിൽ എന്നിവരെയാണ് കാണാതായത്. ഇതിൽ മാത്യുവിന്റെ മൃതദേഹം മണ്ണിനടിയിൽനിന്നു നാട്ടുകാർ പുറത്തെടുത്തു.
മൂന്നാറിലും ഉരുൾപൊട്ടൽ
മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ ഉരുൾപൊട്ടലിൽ വീടിനു മുകളിലേക്കു മണ്ണും കല്ലും വീണെങ്കിലും മൂന്നംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. കട്ടപ്പന കെ എസ്ആർടിസി ബസ് സ്റ്റാൻഡ് മണ്ണിടിഞ്ഞു വീണു തകർന്നു. ഉടുന്പന്നൂർ പഞ്ചായത്തിലെ മലയിഞ്ചി, ചേലകാട്, പെരിങ്ങാശേരി, മൂലക്കാട് മേഖലകളിൽ വ്യാപകമായ ഉരുൾപൊട്ടലും അതിനെത്തുടർന്നു കൃഷിനാശവും വീടുകൾക്കു കേടുപാടുകളും സംഭവിച്ചു.പന്നിയാർകുട്ടി, ചേന്പളം, കവുന്തി, ഉപ്പുതോട്, പണിക്കൻകുടി, മൂലമറ്റം എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്.
ചേന്പിളത്ത് മല ഇടിഞ്ഞു
ചേന്പിളത്ത് ഒരു മലതന്നെ ഇടിഞ്ഞ് പോരുകയായിരുന്നു. ചേന്പളംമെട്ടിനു തൊട്ടുതാഴെനിന്ന് ഉരുൾ പൊട്ടി താഴേക്കു പോരുകയായിരുന്നു. ഇതേത്തുടർന്ന് പത്തേക്കറോളം സ്ഥലത്തെ കൃഷി പൂർണമായും നശിച്ചു. വൻ പാറയും മരങ്ങളും മണ്ണും വലിയ ശബ്ദത്തോടെ ഇന്നലെ രാവിലെ ആറരയോടെ താഴേയ്ക്കു പതിക്കുകയായിരുന്നു. ഉരുൾ പൊട്ടിവന്ന സ്ഥലത്തെ താമസക്കാർ അയൽവാസികളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
മണ്ണിടിച്ചിൽ തുടരുന്നു
മൂലമറ്റത്തും പരിസര പ്രദേശങ്ങളിലും മണ്ണിടിച്ചിൽ തുടരുന്നു. മൈലാടി,പതിപ്പള്ളി, ആശ്രമം, എടാട്, എന്നിവിടങ്ങളിലാണ് ചെറിയ രീതിയിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്. മൈലാടിയിൽ പരവൻപറന്പിൽ ജോസഫിന്റെ പുരയിടത്തിൽ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിൽ വീണ്ടും തുടർന്നു. മണ്ണിടിഞ്ഞ് തൊടുപുഴ പുളിയൻ മല സംസ്ഥാന പാതയിൽ വീണു. നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ മണ്ണു നീക്കം ചെയ്തു.
വണ്ണപ്പുറം പഞ്ചായത്തിലെ ഉയർന്ന ഭാഗങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ഏകദേശം മുപ്പതിലധികം സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്. നിരവധിയിടങ്ങളിൽ ശക്തമായ മണ്ണിടിച്ചിലുമുണ്ടായി. നിരവധി പേരുടെ വീടുകൾ പൂർണമായും ഭാഗികമായും നഷ്ട്ടപ്പെട്ടു.
പന്നിയാർകുട്ടിക്കു സമീപം ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്. 20 അടി വീതിയിൽ പത്ത് ഏക്കറോളം സ്ഥലമാണ് ഉരുൾപൊട്ടലിൽ ഒലിച്ച് പോയത്. പന്നിയാർകുട്ടിയിൽ കൊന്നത്തടി പഞ്ചായത്തിലെ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടിയത്.
ഒറ്റപ്പെട്ട് മൂന്നാറും മാങ്കുളവും
ദുരിതക്കയത്തിൽ മൂന്നാറും മാങ്കുളവും ഒറ്റപ്പെട്ട അവസ്ഥയിലാണ്. അടിമാലിയിൽനിന്നുള്ള മാങ്കുളം റോഡെല്ലാം പൂർണമായും തകർന്നു. ജനത്തിനു പുറത്തിറങ്ങാൻ സാധിക്കാത്തവിധം വിഷമിക്കുകയാണ്. പേമാരിയും പ്രളയവും വിതച്ച രൗദ്രഭാവത്തിൽ എത്തും പിടിയുമില്ലാത്ത നിലയിലാണ് മൂന്നാർ. വാർത്താവിനിമയ സൗകര്യങ്ങൾ തകർന്നതോടെ പുറംലോകവുമായി ബന്ധമറ്റ നിലയിലാണ് മൂന്നാർ.