കത്തില്‍ വച്ചേറ്റവും മടുപ്പിക്കുന്നതായ ഭക്ഷണം എന്നാണ് പ്രൊഫസര്‍ എഡ്വേര്‍ഡ് ആന്ഡേഴ്സണ് എന്ന വിദേശി നമ്മുടെ ഇഡലിയെകുറിച്ച് അഭിപ്രായപ്പെട്ടത്. ഇഡലി മോശം ഭക്ഷണമാണെന്ന പറഞ്ഞ സായിപ്പിനെ അങ്ങിനെ വെറുതെ വിടാതെ കിടിലന്‍ മറുപടി ട്വിറ്ററില്‍ കുറിച്ച് ശശി തരൂര്‍ എംപി ഇഡലിക്കു വേണ്ടി വാദിച്ച് രംഗത്തെത്തി. തരൂരിന് പിന്നാലെ ഉലകമെങ്ങുമുള്ള ഇഡലി ഫാന്‍സുകാരും അണിനിരന്നു. വാദങ്ങളും പ്രതിവാദങ്ങളുമായി ട്വീറ്റുകളും സന്ദേശങ്ങളും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു.
സായിപ്പ് മോശമെന്ന് പറഞ്ഞാല്‍ മോശമാകുന്ന ഭക്ഷണവിഭവമൊന്നുമല്ല നമ്മുടെ ഇഡലി. ഇഡലിയെ അധിക്ഷേപിച്ച ആ സായിപ്പിനോട് ദി കിംഗ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ് പറയും പോലെ ഒന്നു പറഞ്ഞുനോക്കിയാല്‍. ഐഎഎസ് ഇന്ത്യന്‍ ഇഡലി സാമ്പാര്‍. അതെന്താണെന്നറിയണമെങ്കില്‍ ആദ്യം ഇഡലി എന്താണെന്ന് നീയറിയണം.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ഏതൊക്കെയോ രാജ്യക്കാരുടെ തീന്മേശയിലെ പ്ലേറ്റുകളില്‍ മറ്റുപല പേരുകളുമായി ഇഡലി ഉണ്ടായിരുന്നുവെന്നാണ് ഇഡലിയുടെ ഭൂതകാല വേരുകള്‍ തേടിപോകുമ്പോള്‍ കാണാന്‍ കഴിയുന്നത്. അവയ്ക്കൊരു കൃത്യതയും വ്യക്തതയുമില്ലെങ്കിലും ഇഡലിക്ക് മഹത്തായ ഏതോ ഒരു പാരമ്പര്യവും ചരിത്രവും അവകാശപ്പെടാനുണ്ടെന്നത് ഉറപ്പ്.
ഇന്തോനേഷ്യയിലെ രാജാവ് വധുവിനെ തേടി ഇന്ത്യയിലെത്തിയപ്പോള്‍ കൂടെ കൊണ്ടുവന്ന ഇന്തോനേഷ്യയുടെ പ്രിയ വിഭവമായ കേട്ളിയാണ് ഇവിടെ ഇട്ളിയും പിന്നീട് ഇഡലിയുമായി മാറിയതെന്ന് കഥയുണ്ട്. തമിഴ്നാട്ടില്‍ പതിനേഴാം നൂറ്റാണ്ടില്‍ ഇഡലിയുണ്ടായിരുന്നത്രെ.
നമ്മുടെ ഭക്ഷ്യവിഭവങ്ങളുടെ ഉത്ഭവങ്ങള്‍ തേടിയുള്ള യാത്ര രസകരമാണ്. രുചികരമായ യാത്ര.
ഇന്ന് ഇഡലി ഇന്ത്യക്കാരുടെയും വിദേശികളുടേയുമൊക്കെ പ്രിയപ്പെട്ട ഭക്ഷണമാണ്. പ്രഭാതഭക്ഷണത്തില്‍ ഇഡ്ഡലിയോളം സ്ഥാനം വേറെയാര്‍ക്കുണ്ട്. രാവിലെ കത്തിക്കാളുന്ന വിശപ്പോടെ കഴിക്കാന്‍ വന്നിരിക്കുമ്പോള്‍ പ്ലേറ്റിലേക്ക് വിളമ്പുന്ന ചൂടുള്ള ആവി പൊങ്ങുന്ന ഇഡലിയും ചെറിയ ഉള്ളിയും മറ്റും ചേര്‍ത്ത ഉള്ളി സാമ്പാറും നാളികേരവും ചുവന്ന മുളകും ചേര്‍ത്തരച്ച് കടുകും മുളകും കറിവേപ്പിലയും വറുത്തിട്ടുണ്ടാക്കിയ ചട്ണിയും എത്ര കൊതിയോടെ കഴിച്ചിരിക്കുന്നു.
ഇഡലിക്ക് കൂട്ടിക്കഴിക്കാന്‍ എന്തും ചേരും. സാമ്പാറും ചട്ണിയും ഉള്ളിച്ചമ്മന്തിയുമാണെങ്കില് പറയണ്ട. ഇനിയിപ്പോള്‍ ഇതൊന്നുമില്ലെങ്കില്‍ ഇഡലിപൊടി വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിച്ചാലോ എത്രയെണ്ണം കഴിച്ചൂന്ന് ചോദിച്ചാല്‍ മതി. ഏത് പ്രായക്കാര്‍ക്കും ഏതു സമയത്തും കഴിക്കാവുന്ന ഭക്ഷണമെന്നതും ആവിയില്‍ വേവുന്നതുകൊണ്ട് മറ്റു ദോഷങ്ങളൊന്നുമില്ലെന്നതും ഇഡലിയുടെ ഡിമാൻഡ് കൂട്ടുന്നു. കൊച്ചുകുട്ടികള്‍ക്ക് ഇഡലി കൊടുക്കുന്നത് ശരീരപുഷ്ടിക്കുത്തമമെന്ന് പണ്ടുതൊട്ടേ പറയുന്നതാണ്. ലോകാരോഗ്യ സംഘടന ഉയര്‍ന്ന പോഷകാഹാരങ്ങളുടെ പട്ടികയില്‍ ഇഡലിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇഡലിയെ താഴ്ത്തിക്കെട്ടിയ സായിപ്പത് അറിഞ്ഞുകാണില്ല.
കടല്‍ കടന്നെത്തിയ വിഭവമാണോ ഇഡലിയെന്നത് ഇപ്പോഴും അവ്യക്തമായ കാര്യമെങ്കിലും ഇന്ന് ഇഡലി കടല്‍ കടന്നുപോയിട്ടുണ്ട്. ഇന്ത്യയ്ക്കു പുറത്ത് മലേഷ്യയിലും സിംഗപ്പൂരിലും ബര്‍മയിലും ശ്രീലങ്കയിലും ഇഡലിക്ക് ആവശ്യക്കാരുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ ലഭിക്കുന്ന ഹോട്ടലുകളില്‍ ഇഡലിക്ക് പ്രിയമേറെയാണ്. ഇന്ത്യയില്‍ ദക്ഷിണേന്ത്യയിലാണ് ഇഡലിക്ക് പ്രിയവും ആവശ്യക്കാരുമേറെ. കേരളത്തിലെ സ്ഥിതി പറയുകയേ വേണ്ട.
മിക്ക ഹോട്ടലുകളിലും പ്രഭാതഭക്ഷണത്തില്‍ ഇഡലി ഉറപ്പായുമുണ്ടാകും. അത് സ്റ്റാര്‍ ഹോട്ടലായാലും സാധാരണ ഹോട്ടലായാലും വഴിയോരത്തെ തട്ടുകടയായാലും. ഇരട്ട ഫുഡിംഗുകളാണ് ഇഡലിയും ഉഴുന്നുവടയും. ഇഡലി-വട കൂട്ടുകെട്ട് മലയാളിക്കും ദക്ഷിണേന്ത്യയിലെ പല സംസ്ഥാനക്കാര്‍ക്കും പ്രിയങ്കരമായ ഭക്ഷണമാണ്.
ഇഡലി ബാക്കി വന്നാല്‍ മുറിച്ച് ഉപ്പുമാവാക്കി വൈകീട്ട് വിളമ്പുന്ന വീട്ടമ്മമാരുമുണ്ട്. ഇഡലി കഷ്ണങ്ങളാക്കി മുറിച്ച് കാപ്സിക്കം, സബോള, ഉരുളക്കിഴങ്ങ്, പനീര്‍ എന്നിവയ്ക്കൊപ്പം കമ്പിയില്‍ കോര്‍ത്ത് തന്തൂരി പോലെ ചുട്ടെടുത്ത് ഉപയോഗിക്കുന്നതും കേരളീയര്‍ക്ക് പ്രിയപ്പെട്ടതായിട്ടുണ്ട്. ഇഡലിയില്‍ വിവിധ തരം പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കുന്ന വെജിറ്റബിള്‍ ഇഡലിയും സൂപ്പറാണ്. റവ ഇഡലി, സാമ്പാര്‍ ഇഡലി, രസ ഇഡലി, നെയ്യ് ഇഡലി എന്നിങ്ങനെ പല രൂപത്തിലും പല രുചിയിലും ഇന്ന് ഇഡലി ഹോട്ടലുകളില്‍ കിട്ടും. വളരെ എളുപ്പത്തില്‍ വീടുകളിലും ഇവയുണ്ടാക്കാം.
ഇഡലിക്ക് രുചിയും ഗുണവും മാറ്റവും ഉണ്ടാക്കാന്‍ ചെറുപയറും അവിലുമൊക്കെ ചേര്‍ത്ത് ഇഡലി ഉണ്ടാക്കുന്നുണ്ട്. തലേന്ന് ബാക്കി വന്ന ചോറ് കളയാതെ ഇഡലി മാവിനൊപ്പം അരച്ചു ചേര്‍ത്ത് ഉണ്ടാക്കുന്ന ഇഡലി വളരെ വളരെ മൃദുവായിരിക്കും. കോയമ്പത്തൂരിലെ ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവമായി ചിക്കന്‍ ഫ്രൈ ഇഡലി മാറിയിട്ടുണ്ട്. തിരുച്ചിറപള്ളിയില്‍ ചെന്നാല്‍ ഇഡലി മഞ്ചൂരിയനും നാഗ്പുരില്‍ ചെന്നാല്‍ ചോക്ലേറ്റ് ഇഡലിയും കഴിക്കാം.
സായിപ്പറിയണം. നിങ്ങള്‍ തള്ളിപ്പറഞ്ഞ ഇഡലിക്ക് വേണ്ടി ഒരു ദിനം തന്നെ മാറ്റിവച്ചിട്ടുണ്ട്…എല്ലാ വര്‍ഷവും മാര്‍ച്ച് 30 ആണ് ഇഡലി ദിനമായി ആഘോഷിക്കുന്നത്. അധികമാരും കേട്ടിട്ടില്ലെങ്കിലും ഇഡലിക്കായി അങ്ങിനെയൊരു ദിനമുണ്ട്. ഇഡലിക്കൊരു ദിനം നമ്മള് ആഘോഷിക്കാന്‍ തുടങ്ങിയിട്ട് അധികമൊന്നുമായിട്ടില്ല. 2015ലാണ് ഇഡലിദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി ഹരിഭാസ്കറാണ് ഇഡലിദിനം പ്രഖ്യാപിച്ചതും ആഘോഷിക്കാന്‍ തീരുമാനിച്ചതും.
ആരാണ് ഇഡലി തീറ്റയില്‍ മുന്നില്‍.
ഇഡലി തീറ്റ മത്സരങ്ങള്‍ ഇന്ന് കേരളത്തില്‍ പതിവാണ്. ഓണക്കാലത്ത് മത്സരഇനങ്ങളില്‍ ഇത് പ്രധാന മത്സരമായിട്ടുണ്ട്. ഇന്ത്യയിലേതു സംസ്ഥാനക്കാരാണ് ഏറ്റവുമധികം ഇഡലി തിന്നുന്നതെന്നറിയാമോ..
പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് സര്‍വീസ് കമ്പനിയായ ഊബര്‍ ഈറ്റ്സ് ഇന്ത്യ നടത്തിയ ഒരു സര്‍വേയില്‍ ബംഗളുരുവിലാണ് ഏറ്റവുമധികം ഇഡലി കഴിക്കുന്നവരുള്ളത്. മുംബൈ, ചെന്നൈ,പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലും ഇഡലി തീറ്റക്കാര് കുറവല്ല. കേരളവും തമിഴ്നാടുമൊക്കെ കൂട്ടത്തിലുണ്ട്. ലണ്ടന്‍, ന്യൂ ജേഴ്സി എന്നീ വിദേശരാജ്യങ്ങളിലാണ് ഇഡലിക്ക് കൂടുതല്‍ ആവശ്യക്കാരെന്നും കണ്ടെത്തിയിട്ടുണ്ട്.
കേരളത്തില്‍ നൂറുകണക്കിന് മാവു കമ്പനികള്‍
ഇഡലിയുണ്ടാക്കാനുള്ള അരിമാവ് ഇപ്പോള്‍ കേരളത്തില്‍ റെഡിമെയ്ഡായി പാക്കറ്റുകളില്‍ കിട്ടും. നൂറോളം കമ്പനികള്‍ കേരളത്തിലുടനീളം മാവ് വില്‍പ്പനയുമായി രംഗത്തുണ്ട്. ആട്ടുകല്ലില്‍ മാവരയ്ക്കുന്ന ഏര്‍പ്പാട് പലരും അവസാനിപ്പിച്ചതും ഗ്രൈന്‍ഡറുകള്‍ ഒരു മൂലയ്ക്ക് ഇരിപ്പായതും മാവ് ബിസിനസ് തഴച്ചുവളരാന്‍ കാരണമായി. പലയിടത്തും കുടുംബശ്രീ യൂണിറ്റുകള്‍ നല്ല രീതിയില്‍ മാവ് വില്‍പ്പന നടത്തുന്നുണ്ട്. മാവു വിറ്റ് കോടികളുടെ ടേണ്‍ഓവര്‍ നേടിയ കേരളീയരുണ്ട്.
അപ്പോള്‍ സായിപ്പേ…പറഞ്ഞാല്‍ തീരില്ല ഞങ്ങളുടെ ഇഡലിയുടെ വിശേഷങ്ങള്‍..വീണ്ടും ശ്രീനിവാസന് പറയുന്നു…..ഇഡലി അത്ര മോശം ഭക്ഷണമൊന്നുമല്ല സായിപ്പേ…..