അമൽ പി. അരുൺ
മൃദുവായ നല്ല തൂവെള്ള ഇഡ്ഡലി. ഒപ്പം ആവി പറക്കുന്ന സാന്പാറും ചട്നിയും. അപ്പോൾ ഒന്നല്ല, അതിലധികവും കഴിച്ചുപോകും. അല്ലേ… എങ്കിൽ ഇന്ന് ഇഡ്ഡലി ഉണ്ടാക്കിക്കോളൂ. നമ്മുടെ പ്രിയപ്പെട്ട ഇഡ്ഡലിയുടെ ജന്മദിനമാണിന്ന്.
ലോക ഇഡ്ഡലി ദിനം. ദക്ഷിണേന്ത്യക്കാരുടെ പ്രാതലിന്റെ പ്രാണനാണ് ഇഡ്ഡലി. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇൗ ഇഷ്ടം, കാലം കുറെയായി. ഇഡ്ഡലി യുടെ അല്പം കഥകളും വിശേഷങ്ങളുമായി നമുക്ക് ഇൗ ഇഡ്ഡലി ദിനം പൊടിപൊടിച്ചാലോ…
തയാറാക്കി വച്ചോ ഇഡ്ഡലി… അപ്പോ എങ്ങനാ, കഴിച്ചു തുടങ്ങാല്ലേ…
പറയാനുണ്ട്ഏറെ കഥകൾ
ഇന്തോനേഷ്യയുമായി ബന്ധപ്പെട്ട് ഇഡ്ഡലിക്കൊരു കഥയുണ്ട്. ഇന്തോനേഷ്യയിലെ കേട്ലി എന്ന ഭക്ഷണമാണ് രൂപവും രുചിയും മാറി ഇഡ്ഡലിയായതെന്നാണ് ഒരു കഥ. ഇന്തോനേഷ്യയിലെ പ്രിയ ഭക്ഷണവിഭവമാണ് കേട്ലി.
ഒരിക്കൽ ഇന്തോനേഷ്യയിലെ രാജാവ് വധുവിനെ തേടി തേക്കേ ഇന്ത്യയിൽ വന്നു. കൂടെ കേട്ലി പാചകക്കാരും. ആ വിദേശഭക്ഷണം നാട്ടിലെങ്ങും പാട്ടായി.
ആ വിദേശഭക്ഷണത്തിന്റെ രസക്കൂട്ടുകൾ മനസിലാക്കി നമ്മുടെ പാചകക്കാർ ഒരു സ്വദേശി ഇഡ്ഡലിക്കു രൂപം കൊടുത്തത്രേ.
ഇഡ്ഡലിയുടെ ജനനത്തെക്കുറിച്ച് നിരവധി കഥകളാണ് ഭക്ഷണലോകത്തുള്ളത്. ശ്രീലങ്ക, മ്യാൻമർ, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും ഇഡ്ഡലി തീൻമേശയിൽ കിട്ടും.
രാമശേരി ഇഡ്ഡലിയെന്ന വിസ്മയം
ഇഡ്ഡലി ദിനമായിട്ട് രാമശേരി ഇഡ്ഡലിയെക്കുറിച്ച് എങ്ങനെ പറയാതിരിക്കും… നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കുടിയേറ്റ കഥയാണ് രാമശ്ശേരി ഇഡ്ഡലിയുടേത്.
ഏതാണ്ട് 300 വർഷം മുന്പ് തമിഴ്നാട്ടിലെ കാഞ്ചീപുരത്തുനിന്ന് കുടിയേറിപ്പാർത്തവർ കൊണ്ടുവന്നതാണ് ഈ രുചിക്കൂട്ട്.
പാലക്കാട്ടേക്കു കുടിയേറിപ്പാർത്ത മുതലിയാർ കുടുംബത്തിലെ ചിറ്റൂരി മുത്തശിയാണ് രാമശേരി ഇഡ്ഡലിയുടെ രുചിപ്പെരുമ സമ്മാനിച്ചത്. രാമശ്ശേരി ഇഡ്ഡലി ദോശപോലെ വലുതും മൃദുവുമാണ്.
ദോശപോലൊരു ഇഡലി. ദോശയ്ക്കു കട്ടികൂടിയാൽ നമ്മൾ കളിയാക്കി വിളിക്കും ദൊഡ്ഡലിയെന്ന്. പക്ഷേ, കഴിച്ചാൽ ദൊഡ്ഡലിയെന്നൊന്നും കളിയാക്കാനൊന്നും നമുക്കു തോന്നില്ല. അതാണ് രാമശേരി ഇഡ്ഡലിയുടെ മിടുക്ക്.
പാലക്കാട് ടൗണിൽനിന്ന് എട്ടു കിലോമീറ്റർ അകലെയാണ് രാമശേരി ഗ്രാമം. ഇൗ ഗ്രാമത്തിൽനിന്നും ജന്മം കൊണ്ടതിനാൽ രാമശേരിയും ഇഡ്ഡലിക്കൊപ്പം പ്രസിദ്ധമായി.
സരസ്വതി ടീ സ്റ്റാൾ, ശങ്കർ വിലാസ് ടീ സ്റ്റാൾ എന്നിവയാണത്രെ ഇവിടത്തെ പേരുകേട്ട ഇഡ്ഡലിക്കടകൾ.മുതലിയാർ കുടുംബം തന്നെയാണ് ഇന്നും ഈ കട നടത്തുന്നത്.
ഇവിടെ ഉണ്ടാക്കുന്ന ഇഡ്ഡലിക്കു ഏറെ പ്രത്യേകതകളുമുണ്ട്. പൊന്നിയരി മാത്രമാണ് ഇതിനായി ഉപയോഗിക്കുക. പത്തുകിലോ പൊന്നി അരിക്ക് ഒന്നര കിലോ ഉഴുന്നുപരിപ്പ് എന്നതാണ് കണക്ക്.
അല്പം ഉലുവയും ചേർത്തു മൂന്നും പൊടിച്ചെടുക്കണം. തലേന്നാൾതന്നെ പൊടിച്ച് അരച്ചുവയ്ക്കും. ഇത് ഇഡ്ഡലി മാവിന്റെ കൂട്ട്.
ഇഡ്ഡലി ഉണ്ടാക്കുന്നതിലുമുണ്ട് രാമശേരി ടച്ച്. വിറകടുപ്പിൽ പുളിമരത്തിന്റെ വിറകുമാത്രം ഉപയോഗിച്ചു തീകൂട്ടിയാണ് ഉണ്ടാക്കുന്നത്.
അടുപ്പിൽ വെള്ളം നിറച്ച കലംവച്ച് അതിനു മുകളിൽ ഒരു തട്ട് വയ്ക്കുന്നു. മണ്കലത്തിന്റെ കഴുത്തുമാത്രം ഉപയോഗിച്ച് അതിൽ നൈലോണ് നൂൽ കെട്ടിയാണ് ഈ തട്ട് ഉണ്ടാക്കുന്നത്.
ഇന്ത്യയിലെ ജനനം
ആധുനിക ഇഡ്ഡലിയുടെ ഉത്ഭവകഥയെന്തെന്ന് ആർക്കും അത്ര പിടിയില്ല. നമ്മുടെ ഇന്ത്യയിൽ കർണാടകയിലാണ് ഇഡ്ഡലി യുടെ ജനനം. 920-ാം ആണ്ടിൽ ശിവകോടി ആചാര്യ കന്നഡത്തിൽ എഴുതിയ ഒരു കൃതിയിൽ സമാനമായ ഒരു ഭക്ഷ്യവസ്തുവിനെപ്പറ്റി പരാമർശിക്കുന്നു.
അതിൽ ഉഴുന്ന് മാത്രമാണ് ഉപയോഗിച്ചിരുന്നത്. 17-ാം നൂറ്റാണ്ടുവരെ ഇഡ്ഡലിയിൽ അരി ചേർത്തിരുന്നതിനു തെളിവുകളില്ല! അരി, മാവുപുളിക്കലിനെ ത്വരിതപ്പെടുത്തുന്നതു കൊണ്ടാവാം ചേർത്തുതുടങ്ങിയത്.
പരിചയപ്പെടാം അഞ്ച് വെറെെറ്റിഇഡ്ഡലികൾ…
പാലക് ഇഡ്ഡലി
കൂടുതൽ ആരോഗ്യകരമാണ് ഇൗ പച്ചനിറത്തിലുള്ള പാലക് ഇഡ്ഡലി. ഇഡ്ഡലിമാവിലേക്കു പാലക് കുഴന്പ് ചേർത്താണ് ഇതുണ്ടാക്കുന്നത്. ജീരകം, മല്ലി, മുളകുപൊടി, കടുക്, കറിവേപ്പില എന്നിവ ചേർത്ത് ആവിയിൽ വേവിച്ച് എടുക്കാം.
കോക്ക്ടെയിൽ ഇഡ്ഡലി
മസാല പുരട്ടി ഫ്രൈ ചെയ്ത ഇൗ ചെറിയ ഇഡ്ഡലി ഒന്ന് രുചിച്ചു നോക്കേണ്ടതാണ്. ഇഡ്ഡലി ആവിയിൽ വേവിച്ചു കഴിഞ്ഞാൽ ഒരു പാനിൽ എണ്ണ ചൂടാക്കുക. കടുക്, കറിവേപ്പില, അരിഞ്ഞ മുളക് എന്നിവ വിതറുക. തുടർന്നു ജീരകം, മല്ലി, മുളക്, ഗരം മസാല പ്പൊടികൾ എന്നിവ ചേർത്തു വഴറ്റുക. ഇതിലേക്ക് ഇഡ്ഡലി ചേർക്കുക. മസാല പിടിക്കുന്നതു വരെ നന്നായി വഴറ്റുക.
സ്റ്റഫ് ചെയ്ത ഇഡ്ഡലി
ഉള്ളി, കാരറ്റ്, കാപ്സിക്കം, ചിക്കൻ ഇവയിലെന്തെങ്കിലും സ്റ്റഫ് ചെയ്തെടുത്ത സ്പെഷൽ ഇഡ്ഡലിയാണിത്. പച്ചക്കറികൾ അരിഞ്ഞത് അല്പം എണ്ണയിൽ വറുത്തെടുക്കുക
. കറിപ്പൊടിയും ഉപ്പും ചേർക്കുക. ഇഡ്ഡലി അച്ചിൽ പകുതി മാവ് ഒഴിച്ചതിനുശേഷം ഇവ ചേർക്കുക. അതിനുശേഷം മുകളിൽ മാവ് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കാം.
ചോക്ലേറ്റ് ഇഡ്ഡലി
പരന്പരാഗതമായ ഇഡ്ഡലി അല്പം മധുരം ചേർത്തു കഴിക്കാൻ ആഗ്രഹിക്കുന്നവർക്കു ചോക്ലേറ്റ് ഇഡ്ഡലി പരീക്ഷിക്കാവുന്നതാണ്.
മാവ് തയാറാക്കുന്പോൾതന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉപ്പിനു പകരം 2-3 ടേബിൾസ്പൂണ് പഞ്ചസാര ചേർത്ത് മാവ് പുളിപ്പിക്കുക. മാവ് പുളിപ്പിച്ചുകഴിഞ്ഞാൽ അതിൽ മെൽറ്റഡ് ചോക്ലേറ്റ് ചേർക്കുക. ഒരു നുള്ള് ബേക്കിംഗ് പൗഡർ വേണമെങ്കിൽ ചേർക്കാം.
കൈമ ഇഡ്ഡലി
കഷണങ്ങളാക്കി അരിഞ്ഞ ഇഡ്ഡലികൾ ഒരു പാനിൽ കുറച്ച് എണ്ണ ചൂടാക്കി കടുക്, അരിഞ്ഞ മുളക്, കറിവേപ്പില എന്നിവ ചേർക്കുക.
തുടർന്നു ജീരകം, മല്ലി, മുളക്, ഗരം മസാലപ്പൊടികൾ ചേർക്കുക. കുറച്ച് ജിഞ്ചർ ഗാർലിക് പേസ്റ്റും അരിഞ്ഞ പച്ചക്കറികളും വഴറ്റുക. ഇനി ഇഡ്ഡലി ചേർത്തു മിക്സ് ചെയ്യുക. ടോപ്പിംഗിനായി മല്ലിയില ഉപയോഗിക്കാം.