ഏറെ കാത്തിരിപ്പിനൊടുവില്‍ അനന്തപുരിക്ക് ലഭിച്ച കുട്ടി ക്രിക്കറ്റിനായുള്ള ഇന്ത്യ- ന്യൂസിലാന്‍ഡ് ടീമുകള്‍ തലസ്ഥാനത്ത് എത്തി. ഇന്നലെ രാത്രി 11.30 ഓടെയാണ് ഇരു ടീമുകളും ചാര്‍ട്ടേഡ് വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ നിന്നും ടീമുകള്‍ താമസ സ്ഥലമായ കോവളത്തേയ്ക്ക് പോയി. രാജ്കോട്ടില്‍ നിന്നുമാണ് ടീമുകള്‍ ഇന്നലെ തിരുവനന്തപുരത്തേയ്ക്ക് വന്നത്. നേരത്തേ തീരുമാനിച്ചതില്‍ നിന്നും വ്യത്യസ്ഥമായി ടീമുകള്‍ ഇന്ന് പരിശീലനത്തിനായി കാര്യവട്ടം സ്റ്റേഡിയത്തില്‍ എത്തുകയില്ല.
ഇന്നലെ രാത്രി വൈകി എത്തിയതിനാല്‍ യാത്രാ ക്ഷീണം ഉള്‍പ്പെടെയുള്ളവ കണക്കിലെടുത്താണു ടീമുകള്‍ ഇന്നത്തെ പരിശീലനം ഒഴിവാക്കിയിട്ടുള്ളത്. ഇന്ത്യന്‍ ക്യാപ്ടന് വിരാട് കോഹ്്ലിയുടെ ജന്മദിനം ഹോട്ടലിലും സ്റ്റേഡിയത്തിലും വിപുലമായി ആഘോഷിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇരു ടീമുകള്‍ക്കും ഒരേ ഹോട്ടലില്‍ തന്നെയാണ് താമസവും ഒരുക്കിയിട്ടുള്ളത്. ഡല്‍ഹിയില്‍ നടന്ന ആദ്യ ടി-20യില്‍ ഇന്ത്യ 53 റണ്‍സിനു ജയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാജ്കോട്ടില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് 40 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ നാളെ തിരുവനന്തപുരത്ത് നടക്കുന്ന മത്സരം നിര്‍ണായകമാണ്.
നാളെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ക്രിക്കറ്റ് പ്രേമികളെ അല്പം ആശങ്കയിലാക്കിയിട്ടുണ്ട്.തിരുവനന്തപുരം ഇതിനു മുന്‍പ് രണ്ട് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ക്കാണ് വേദിയായിട്ടുള്ളത്. യൂണിവേഴ്സിറ്റി സ്റ്റേഡിയം ഗ്രൗണ്ടില്‍ 29 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുളള മത്സരമാണ് ഒടുവില്‍ നടന്നത്. 1988 ജനുവരി 25 ന് നടന്ന മത്സരത്തില്‍ കരീബിയന്‍ പട ഒന്‍പത് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു.