അയോധ്യ: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനു രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ ശ്രീരാമ വിഗ്രഹത്തിന്റെ മുഖം വെളിപ്പെടുത്തുന്ന പുതിയ ചിത്രങ്ങൾ പുറത്തുവന്നു. പ്രതിമയുടെ കണ്ണുകൾ തുണികൊണ്ടു മൂടിയുള്ള ചിത്രങ്ങൾ വന്നതിനു പിന്നാലെയാണു പൂർണരൂപം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്തുവന്നത്.
ശ്രീരാമന്റെ അഞ്ചു വയസുള്ള രൂപമായ 51 ഇഞ്ച് ഉയരമുള്ള ‘രാം ലല്ല’ വിഗ്രഹമാണു ക്ഷേത്രത്തിൽ സ്ഥാപിക്കുന്നത്. സ്വർണ വില്ലും ശരവും പിടിച്ചുനിൽക്കുന്ന ഭാവത്തിലുള്ളതാണു വിഗ്രഹം. വിഗ്രഹം വ്യാഴാഴ്ച പുലർച്ചെ ക്ഷേത്രത്തിലെത്തിച്ചിരുന്നു. അന്ന് ഉച്ചയോടെ ശ്രീരാമ വിഗ്രഹം ശ്രീകോവിലിൽ സ്ഥാപിച്ചു. അതിനു മുൻപു പകർത്തിയ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്.
വിഗ്രഹത്തിന്റെ കണ്ണുകൾ തുണികൊണ്ടു മൂടിയശേഷമാണ് ഗർഭഗൃഹത്തിൽ സ്ഥാപിച്ചത്. പ്രതിഷ്ഠാ ദിനത്തിൽ പൂജകൾക്കുശേഷം ഈ കെട്ടഴിക്കും. അചല്മൂര്ത്തി എന്ന നിലയില് ഈ വിഗ്രഹമായിരിക്കും പ്രധാന പ്രതിഷ്ഠ. താല്കാലിക ക്ഷേത്രത്തില് ഇപ്പോള് ആരാധിക്കുന്ന വിഗ്രഹം ഇതിനു താഴെ ഉത്സവമൂര്ത്തിയായി പ്രതിഷ്ഠിക്കും.
മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജ് കൃഷ്ണശിലയിലാണു വിഗ്രഹം നിർമിച്ചിരിക്കുന്നത്. ജനുവരി 22ന് നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി. തൊട്ടടുത്ത ദിവസംതന്നെ ക്ഷേത്രം പൊതുജനങ്ങള്ക്കായി തുറക്കുമെന്നാണ് പ്രതീക്ഷ. പ്രതിഷ്ഠാ ദിനം ദീപാവലി പോലെ മണ്വിളക്കുകള് കത്തിച്ചും പാവപ്പെട്ടവര്ക്ക് ഭക്ഷണം നല്കിക്കൊണ്ടും ആഘോഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരിക്കുന്നത്.