വർഷങ്ങൾക്കു മുന്പു ജില്ലയിൽ നടന്ന ചില കൊലപാതകങ്ങളും ആഭിചാരത്തിന്റെ ചുവടു പിടിച്ചുള്ളതായിരുന്നു.
1981 ഡിസംബറിൽ പനംകുട്ടിയിൽ സോഫിയയെന്ന യുവതിയെ അന്ധവിശ്വാസത്തിന്റെ പേരിൽ കൊന്ന് അടുക്കളയിൽ കുഴിച്ചുമൂടി ചാണകം മെഴുകിയ സംഭവുമുണ്ടായിരുന്നു.
1983 ജൂലൈയിൽ മുണ്ടിയെരുമയിൽ നിധി ലഭിക്കുന്നതിനായി ഒൻപതാം ക്ലാസുകാരനെ പിതാവും സഹോദരിയും അയൽക്കാരിയും ചേർന്നു കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി.
27 വർഷങ്ങൾക്ക് മുൻപ് രാമക്കൽമേട്ടിൽ നിധിയെടുക്കുന്നതിനായി പിതാവും രണ്ടാനമ്മയും ചേർന്നു സ്കൂൾ വിദ്യാർഥിയെ മന്ത്രവാദികളുടെ നിർദേശപ്രകാരം കൊലപ്പെടുത്തിയ സംഭവമുണ്ടായി.
മന്ത്രവാദക്കൊലകളിൽ നടുങ്ങി ഇടുക്കിയും
തൊടുപുഴ: പത്തനംതിട്ട ഇലന്തൂരിൽ രണ്ടു സ്ത്രീകളെ നരബലി നൽകിയ സംഭവം കേട്ട് സമൂഹ മനഃസാക്ഷി ഞെട്ടിത്തരിച്ചു നിന്നപ്പോൾ മന്ത്രവാദത്തിലും ആഭിചാര ക്രിയകളിലും വിശ്വസിച്ചു നടന്ന കൊലപാതകങ്ങൾ ഇടുക്കിയെയും നടുക്കിയിട്ടുണ്ട്.
വർഷങ്ങൾക്ക് മുന്പു നടന്ന ഈ കേസുകളിലെല്ലാം പ്രതികൾ മന്ത്രവാദത്തിന്റെ മായികവലയത്തിലകപ്പെട്ടാണ് കൊലപാതകങ്ങൾ നടത്തിയത്.
ആഭിചാര ക്രിയകൾ നടത്തിയാൽ കുടുംബത്തിന് ഐശ്വര്യവും സന്പൽസമൃദ്ധിയും ഉണ്ടാകുമെന്ന അബദ്ധധാരണയിൽ കുട്ടികളെപോലും കൊലപ്പെടുത്തിയ സംഭവങ്ങൾ ജില്ലയിൽ ഉണ്ടായിട്ടുണ്ട്.
മന്ത്രവാദത്തിന്റെ പേരിൽ വിവാദ സ്വാമിമാർ ഉൾപ്പെടെയുള്ള പലരും സാധാരണക്കാരായ അനേകം പേരെ ജില്ലയിൽ ചൂഷണം ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ഞെട്ടിച്ച കൂട്ടക്കൊല
നാടിനെ നടുക്കിയ വണ്ണപ്പുറം മുണ്ടൻമുടി കന്പകക്കാനം കൂട്ടക്കൊലക്കേസിന്റെ പിന്നാന്പുറത്തിലും മന്ത്രവാദത്തിന്റെ ദുസ്വാധീനമായിരുന്നു നിഴലിച്ചത്.
2018ൽ കന്പകക്കാനം കാനാട്ട് കൃഷ്ണൻ (52) ഭാര്യ സുശീല(50) മകൾ ആർഷ (20) മകൻ അർജുൻ (18) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കൃഷ്ണന്റെ ശിഷ്യനായ അടിമാലി കുരങ്ങുപാറ അനീഷ് ആയിരുന്നു മുഖ്യപ്രതി.
സംഭവത്തിൽ മന്ത്രവാദവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
മന്ത്രവാദവും മറ്റും നടത്തിയിരുന്ന കൃഷ്ണന്റെ പ്രധാന ശിഷ്യനായ അനീഷ് മാന്ത്രിക വിദ്യകൾ സ്വായത്തമാക്കാനും താളിയോലകൾ കൈക്കലാക്കാനുമായിരുന്നു സുഹൃത്തായ തൊടുപുഴ കാരിക്കോട് സാലിഭവനിൽ ലിബീഷ് ബാബുവുമായി ചേർന്നു കൂട്ടക്കൊല നടത്തിയത്.
മന്ത്രവാദത്തിലൂടെ കൃഷ്ണൻ സ്വന്തമാക്കിയിരുന്ന സ്വർണവും പണവും കൈക്കലാക്കാനും ലക്ഷ്യമിട്ടിരുന്നു.