ഇടുക്കിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയില്‍ പര്‍ദ ധരിച്ച് അതിക്രമിച്ചു കയറിയ കേസില്‍ പ്രതിയായ സിവില്‍ പോലീസ് ഓഫീസര്‍ മൂന്നു ദിവസമായി ഒളിവില്‍. സംഭവത്തിനു ശേഷം ഒളിവില്‍ പോയ കുളമാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നൂര്‍ സമീറിനെയാണ് തൊടുപുഴ പോലീസ് തെരയുന്നത്. നൂര്‍സമീറിന്റെ തൊടുപുഴ കുമ്പംകല്ലിലുള്ള വീടിനു പുറമേ ഭാര്യയുടെയും ബന്ധുക്കളുടെയും വീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഇയാള്‍ മുങ്ങി. അതേസമയം ഇയാളെ രക്ഷപ്പെടാന്‍ അനുവദിച്ചത് പോലീസിലെ ഒരുവിഭാഗമാണെന്ന ആരോപണം ഉയര്‍ന്നു വന്നിട്ടുണ്ട്.
ആശുപത്രിയില്‍ ആള്‍മാറാട്ടം നടത്തി അതിക്രമിച്ചു കയറിയതിന്റെ പേരില്‍ ക്രിമിനല്‍ കേസെടുത്ത പശ്ചാത്തലത്തില്‍ ഇയാളെ ജില്ലാ പോലീസ് മേധാവി കെ.ബി.വണുഗോപാല്‍ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്‌പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി. ക്രിമിനല്‍ സ്വഭാവമുള്ള കാര്യത്തിനാവാം പോലീസുകാരന്‍ ആശുപത്രിയിലെത്തിയതെന്ന സൂചനയുടെ വെളിച്ചത്തില്‍ വലിയ പ്രാധാന്യത്തോടെയാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. മുന്‍പും ക്രിമിനല്‍കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇത്തരം സംഭവങ്ങളുടെ ചുവടുപിടിച്ചും അന്വേഷണം നീക്കുന്നുണ്ട്.
നൂര്‍ സമീര്‍ സംഭവ ദിവസം രാത്രിയില്‍ ആശുപത്രിയില്‍ എത്താന്‍ ഉപയോഗിച്ച വാഹനം എസ്‌ഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. ആക്രിക്കച്ചവടക്കാരനായ കുമ്പംകല്ല് സ്വദേശി ബിലാലിന്റെ കെഎല്‍ 7-സിജെ 7380 നമ്പര്‍ പെട്ടിഓട്ടോയാണ് പോലീസ് പിടികൂടിയത്. നൂര്‍സമീറിന്റെ സുഹൃത്തായ ബിലാലാണ് ഇതേദിവസം പെട്ടി ഓട്ടോയില്‍ പോലീസുകാരനൊപ്പം ആശുപത്രിയില്‍ എത്തിയതെന്നും പോലീസിനു വിവരം ലഭിച്ചു. നൂര്‍സമീറിനൊപ്പം ഇയാളും ഒളിവിലാണ്.
വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു പെട്ടി ഓട്ടോയിലെത്തിയ പോലീസുകാരന്‍ പര്‍ദ ധരിച്ച് ആശുപത്രിയില്‍ സ്ത്രീകള്‍ മാത്രം തങ്ങുന്ന മുറിയില്‍ കയറിയത്. ആശുപത്രിയില്‍ അതിക്രമിച്ചു കയറിയതിനു ശേഷം ഇയാള്‍ സുരക്ഷാ ജീവനക്കാരുടെ കൈയില്‍പ്പെടാതെ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിനു ശേഷം ഇയാള്‍ ജോലി ചെയ്യുന്ന കുളമാവ് പോലീസ് സ്റ്റേഷനില്‍ എത്തുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല.
നേരത്തെ മുഖ്യമന്ത്രിയുടെ ഗുണ്ടാവിരുദ്ധ സ്‌ക്വാഡിലെ അംഗമാണെന്നു നടിച്ച് കഞ്ചാവ് മാഫിയയുടെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന നൂര്‍ സമീര്‍ നടപടി പിന്‍വലിച്ചതിനെ തുടര്‍ന്ന് അടുത്ത നാളിലാണ് സര്‍വീസില്‍ തിരികെ പ്രവേശിച്ചത്. കഞ്ചാവു മാഫിയയില്‍നിന്നു ഒരു ലക്ഷം രൂപ കൈപ്പറ്റിയ കേസില്‍ പാലക്കാട് വച്ചാണ് നൂര്‍ സമീര്‍ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ അറസ്റ്റിലായത്.
പാലക്കാട് സ്വദേശിയായ കഞ്ചാവ് കേസിലെ പ്രതിയായ യുവാവിനെ ബന്ധിയാക്കി ഭീഷണിപ്പെടുത്തിയാണ് ഇയാളുള്‍പ്പെടെയുള്ള മൂന്നു പോലീസുകാര്‍ ഇടനിലക്കാരന്റെ സഹായത്തോടെ പണം തട്ടിയെടുത്തത്. മുന്‍ ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഹൈറേഞ്ച് സ്‌പൈഡേഴ്‌സ് എന്ന ടീമിലെ അംഗങ്ങളായിരുന്ന പോലീസുകാരാണ് കേസില്‍ പ്രതികളായത്. വീണ്ടും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതിനാല്‍ നൂര്‍സമീറിനെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാല്‍ പറഞ്ഞു.