തൊടുപുഴ: ഞെട്ടിക്കുന്ന കൊലപാതകങ്ങൾ ഇടുക്കിയെ നടുക്കിയ വർഷമാണ് കടന്നു പോയത്. നാടിനെ ഞെട്ടിച്ച വണ്ണപ്പുറം കന്പകക്കാനം കൂട്ടക്കൊല ഉൾപ്പെടെ 12 മാസത്തിനിടയിൽ ജില്ലയിൽ കൊല്ലപ്പെട്ടത് 21 പേരാണ്. ഒന്നര വയസുള്ള കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തിയതു മുതൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ദാരുണ സംഭവങ്ങൾ വരെ ജില്ലയിലുണ്ടായി. കൊല്ലപ്പെട്ടതിൽ മൂന്നു സ്ത്രീകളും ഉൾപ്പെടുന്നു.
കാളിയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ വണ്ണപ്പുറം കന്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയതാണ് ജില്ലയെ ഞെട്ടിച്ച കൂട്ടക്കൊലപാതകം. കന്പകക്കാനത്ത് കാനാട്ട് കൃഷ്ണൻ(52), ഭാര്യ സുശീല(50), മക്കളായ ആർഷ(50), അർജുൻ (18) എന്നിവരാണ് മരിച്ചത്. ജൂലൈ 29നു നടന്ന സംഭവം ഓഗസ്റ്റ് ഒന്നിനാണ് പുറത്തറിയുന്നത്. സംഭവത്തിൽ മുഖ്യപ്രതി അടിമാലി കൊരങ്ങാട്ടി തേവർകുഴിയിൽ അനീഷ്, കൂട്ടാളി തൊടുപുഴ കീരികോട് സാലിഭവനിൽ ലിബീഷ് എന്നിവരും ഇവരുടെ രണ്ട ് സഹായികളുമാണ് പോലീസ് പിടിയിലായത്.
ഇതേ പോലീസ് സ്റ്റേഷൻ പരിധിയിൽ ബാങ്ക് ജീവനക്കാരനെ റബർതോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ജില്ലാ സഹകരണ ബാങ്ക് കഞ്ഞിക്കുഴി ശാഖ ജീവനക്കാരൻ തൊമ്മൻകുത്ത് പാലത്തിങ്കൽ ജോർജുകുട്ടി (തങ്കച്ചൻ-51) കൊല്ലപ്പെട്ട സംഭവത്തിൽ ഓട്ടോ ഡ്രൈവറാണ് പിടിയിലായത്.
കുടുംബ കലഹത്തിനിടെ കല്ലാർകുട്ടിയിൽ അനുജനെ ജേ്യഷ്ഠൻ കുത്തിക്കൊലപ്പെടുത്തിയത് ജൂലൈ 22 നായിരുന്നു. കല്ലാർകുട്ടി നെല്ലിത്താനത്ത് രാജേഷ് (35) ആണ് സഹോദരൻ ജയേഷിന്റെ കുത്തേറ്റ് മരിച്ചത്. മേയ് 22ന് അടിമാലി ഇരുന്പുപാലം പതിനാലാംമൈൽ കൊച്ചുവീട്ടിൽ കുഞ്ഞൻ പിള്ള(60)യുടെ കൊലപാതകത്തിൽ അയൽവാസികളായ മഠത്തിൽ വിനോദ്, മകൻ വിഷ്ണു, മകളുടെ ഭർത്താവ് പൊട്ടയ്ക്കൽ വിഷ്ണു എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഉപ്പുതറയിൽ മാതാവ് ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ സംഭവം നടന്നത് ഏപ്രിൽ 18 നായിരുന്നു. കേസിൽ കോട്ടയം അയർക്കുന്ന നരിവേലിൽ കുന്തംചാരിയിൽ ജോയിയുടെ ഭാര്യ റോളിയെയാണ് മകൻ അലക്സിനെ കൊലപ്പെടുത്തിയ കേസിൽ ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തത്. ഏപ്രിൽ 14ന് തൊടുപുഴയിൽ റോബട്ടിക് പ്രദർശനത്തോടൊപ്പമെത്തിയ ഇതര സംസ്ഥാന തൊഴിലാളി മധ്യപ്രദേശ് ഗ്വാളിയർ സ്വദേശി രാമചന്ദ്രസിംഗിനെ ഉത്തർപ്രദേശ് സ്വദേശിയും ബന്ധുവുമായ ഉപേന്ദ്രസിംഗ് തൊടുപുഴയാറ്റിൽ മുക്കികൊലപ്പെടുത്തുകയായിരുന്നു.
പൂപ്പാറ പന്നിയാർ എസ്റ്റേറ്റിൽ തൊഴിലാളിയായ ഗണേശൻ (46) സംഘർഷത്തിനിടയിൽ അടിയേറ്റു മരിച്ച കേസിൽ ്ഭാര്യാ സഹോദരൻ ബാലമുരുകനാണ് പ്രതി. കഞ്ചാവ് ബീഡി നൽകാത്തതിന്റെ പേരിലുണ്ടായ തർക്കത്തിൽ ശാന്തൻപാറ പോലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ ചതുരംഗപ്പാറ നമരിയിൽ രാമർ അടിയേറ്റു കൊല്ലപ്പെട്ട കേസിൽ ഇയാളുടെ സുഹൃത്തായ പാണ്ഡ്യരാജാണ് അറസ്റ്റിലായത്.
കാളിയാർ എസ്റ്റേറ്റ് ലയത്തിൽ കോടന്തറയിൽ സദാനന്ദൻ (62) വെട്ടേറ്റു മരിച്ച സംഭവത്തിൽ ഇതേ ലയത്തിൽ താമസക്കാരനായ കോടിക്കുളം ചെമ്മായത്ത വീട്ടിൽ ആൻസൻ (20), അടിമാലി മുനിയറയിൽ തനിച്ചു താമസിച്ചിരുന്നയാൾ കൊല്ലപ്പെട്ട കേസിൽ ഭാര്യാഭർത്താക്കൻമാർ പോലീസ് പിടിയിലായി. മുനിയറ മന്നാട്ട് നാരായണൻ കൊല്ലപ്പെട്ട കേസിൽ ഇയാളുടെ ജോലിക്കാരനായിരുന്ന കരമല സ്വദേശി സുരേന്ദ്രൻ, മൂന്നാം ഭാര്യ അളകമ്മ എന്നിവരാണ് പോലീസ് പിടിയിലായത്.
ഉടുന്പൻചോല ബാലഗ്രാം ഗജേന്ദ്രപുരത്തിനു സമീപം സഹോദരന്റെ കുത്തേറ്റ് ജേഷ്ഠൻ മരിച്ചു. രാജേന്ദ്രവിലാസത്തിൽ വിഷ്ണു മരിച്ച കേസിൽ അനുജൻ വിബിൻ അറസ്റ്റിലായി. വാഹന വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ മുനിയറ കരിമല ഏർത്തടത്തിനാൽ സനീഷ് മരിച്ച കേസിൽ രാജാക്കാട് അയ്യപ്പൻപറന്പിൽ ബിറ്റാജ് പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസം പൊൻമുടി ഡാമിൽ മീൻ പിടിക്കാനെത്തിയ കൊന്നത്തടി പാറശേരിയിൽ രാജേഷ് (36) മുങ്ങിമരിക്കാനിടയായത് സുഹൃത്ത് വെള്ളത്തിൽ തള്ളിയിട്ടതുമൂലമായിരുന്നു.സുഹൃത്തായ സോളമനെ അറസ്റ്റു ചെയ്തിരുന്നു.
ഏലപ്പാറ ചെമ്മണ്ണിൽ വീട്ടമ്മയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായതാണ് ഈ വർഷത്തെ ഒടുവിലത്തെ കോലപാതകകേസ്. ഏലപ്പാറ ചെമ്മണ്ണ് മൊട്ടലയത്തിൽ ഷേർളി (35) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് ഭാഗ്യരാജ് (40)നെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രധാന കേസുകളിൽ സുഹൃത്തുക്കളും ബന്ധുക്കളും മറ്റുമാണ് പ്രതി സ്ഥാനത്തു വരുന്നതെന്നതും കേസുകളുടെ പ്രാധാന്യം വർധിപ്പിക്കുന്നു.
ആഭിചാര ക്രിയയുമായി ബന്ധപ്പെട്ടും മോഷണവും ലഹരിമരുന്നുപയോഗവും സംശയവും പണമിടപാടും കൊലയ്ക്കു കാരണമായി. 2017-ൽ 21 കൊലക്കേസുകളാണ് ജില്ലയിൽ ഉണ്ടായത്.