തൊടുപുഴ: അടിക്കടിയുള്ള കൊലപാതകങ്ങൾ ഇടുക്കിയുടെ ഉറക്കം കെടുത്തുന്നു. പലതും ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകങ്ങൾ. നാടിനെ നടുക്കിയ വണ്ണപ്പുറം കന്പകക്കാനം കൂട്ടക്കൊല ഉൾപ്പെടെ കഴിഞ്ഞ 10 മാസത്തിനിടയിൽ ജില്ലയിൽ കൊല്ലപ്പെട്ടത് 13 പേരാണ്.
പല കേസുകളിലും അടുപ്പക്കാരും ബന്ധുക്കളും അയൽവാസികളും മറ്റുമാണ് പ്രതി സ്ഥാനത്തു വരുന്നതെന്നതും കേസുകളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. ആഭിചാര ക്രിയയുമായി ബന്ധപ്പെട്ടും മോഷണവും ലഹരിമരുന്നുപയോഗവും കൊലയ്ക്കു കാരണമായി. ഒന്നര വയസുള്ള കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തിയ ദാരുണ സംഭവം വരെ ജില്ലയിലുണ്ടായി.
ഞെട്ടിച്ച് കൂട്ടക്കൊലപാതകം
കാളിയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ കന്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയതാണ് ജില്ലയെ ഞെട്ടിച്ച കൂട്ടക്കൊലപാതകം. മുണ്ടൻമുടി കന്പകക്കാനത്ത് കാനാട്ട് കൃഷ്ണൻ(52), ഭാര്യ സുശീല(50), മക്കളായ ആർഷ(50), അർജുൻ (18) എന്നിവരാണ് മരിച്ചത്. ജൂലൈ 29നു നടന്ന സംഭവം ഓഗസ്റ്റ് ഒന്നിനാണ് പുറത്തറിയുന്നത്.
സംഭവത്തിൽ മുഖ്യപ്രതി അടിമാലി കൊരങ്ങാട്ടി തേവർകുഴിയിൽ അനീഷ് കൂട്ടാളി തൊടുപുഴ കീരികോട് സാലിഭവനിൽ ലിബീഷ് എന്നിവരും ഇവരുടെ രണ്ട് സഹായികളുമാണ് പോലീസ് പിടിയിലായത്. മന്ത്രവാദ ക്രിയകളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും മോഷണവുമായിരുന്നു ക്രൂരമായ കൊലപാതകത്തിനു പിന്നിലുള്ള കാരണം.
ഇതേ പോലീസ് സ്റ്റേഷൻ പരിധിയിൽ ബാങ്ക് ജീവനക്കാരനെ ഏതാനും മാസം മുൻപ് റബർതോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ജില്ലാ സഹകരണ ബാങ്ക് കഞ്ഞിക്കുഴി ശാഖ ജീവനക്കാരൻ തൊമ്മൻകുത്ത് പാലത്തിങ്കൽ ജോർജുകുട്ടി (തങ്കച്ചൻ-51) യെയാണ് മരിച്ച നിലയിൽ കണ്ടത്.
സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ വണ്ണപ്പുറത്തെ ഓട്ടോ ഡ്രൈവറായ ദർഭത്തൊട്ടി ആശാരിപ്പറന്പിൽ സുരജ് പോലീസ് പിടിയിലായി. ഒരു യുവതിയുമായി ബന്ധമുണ്ടെന്നതിന്റെ പേരിലായിരുന്നു കൊലപാതകം. എന്നാൽ സംഭവത്തിനു പിന്നിൽ മറ്റു കാരണങ്ങളും പ്രതികളും ഉണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
കുടുംബ കലഹത്തിനിടെ കല്ലാർകുട്ടിയിൽ അനുജനെ ജേഷ്ഠൻ കുത്തിക്കൊലപ്പെടുത്തിയത് ജൂലൈ 22 നായിരുന്നു. കല്ലാർകുട്ടി നെല്ലിത്താനത്ത് രാജേഷ് (35) ആണ് സഹോദരൻ ജയേഷിന്റെ കുത്തേറ്റ് മരിച്ചത്.
മെയ് 22ന് അടിമാലി ഇരുന്പുപാലം പതിനാലാംമൈൽ കൊച്ചുവീട്ടിൽ കുഞ്ഞൻ പിള്ള(60)യുടെ കൊലപാതകം നടന്ന് രണ്ടു മാസത്തിനു ശേഷമാണ് പ്രതികൾ പിടിയിലായത്. അയൽവാസികളായ മഠത്തിൽ വിനോദ്, മകൻ വിഷ്ണു, മകളുടെ ഭർത്താവ് പൊട്ടയ്ക്കൽ വിഷ്ണു എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഒന്നര വയസുകാരന്റെ കൊലപാതകം
ഉപ്പുതറയിൽ മാതാവ് ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ ദാരുണ സംഭവം നടന്നത് ഏപ്രിൽ 18 നായിരുന്നു. കട്ടിലിൽ നിന്നു വീണു പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ച കുഞ്ഞു പിന്നീട് മരിച്ചു. കേസിൽ കോട്ടയം അയർക്കുന്ന നിരവേലിൽ കുന്തംചാരിയിൽ ജോയിയുടെ ഭാര്യ റോളിയെയാണ് മകൻ അലക്സിനെ കൊലപ്പെടുത്തിയ കേസിൽ ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തത്.
പൂപ്പാറ പന്നിയാർ എസ്റ്റേറ്റിൽ തൊഴിലാളിയായ ഗണേശൻ (46) സംഘർഷത്തിനിടയിൽ അടിയേറ്റു മരിച്ചത് കഴിഞ്ഞ മാർച്ചിലാണ്. ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ ഭാര്യാ സഹോദരൻ ബാലമുരുകനാണ് ഗണേശനെ അടിച്ചു കൊലപ്പെടുത്തിയത്. കഞ്ചാവ് ബീഡി നൽകാത്തതിന്റെ പേരിലുണ്ടായ തർക്കത്തിൽ ശാന്തൻപാറ പോലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ ചതുരംഗപ്പാറ നമരിയിൽ രാമർ അടിയേറ്റു കൊല്ലപ്പെട്ട കേസിൽ ഇയാളുടെ സുഹൃത്തായ പാണ്ഡ്യരാജാണ് അറസ്റ്റിലായത്.
മുങ്ങിമരണം കൊലപാതകം
ഏപ്രിൽ 14ന് തൊടുപുഴയിൽ റോബോട്ടിക് പ്രദർശനത്തോടൊപ്പമെത്തിയ ഇതര സംസ്ഥാന തൊഴിലാളിയുടെ മുങ്ങിമരണവും കൊലപാതകമായിരുന്നു. മധ്യപ്രദേശ് ഗ്വാളിയാർ സ്വദേശി രാമചന്ദ്രസിംഗിനെ ഉത്തർപ്രദേശ് സ്വദേശിയും ബന്ധുവുമായ ഉപേന്ദ്രസിംഗിനെ തൊടുപുഴയാറ്റിൽ മുക്കികൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ മാസം നാലിനാണ് ടാപ്പിംഗ് തൊഴിലാളിയായ കാളിയാർ എസ്റ്റേറ്റ് ലയത്തിൽ താമസക്കാരനായ കോടന്തറയിൽ സദാനന്ദൻ (62) വെട്ടേറ്റു മരിച്ചത്. സംഭവത്തിൽ ഇതേ ലയത്തിൽ താമസക്കാരനായ കോടിക്കുളം ചെമ്മായത്ത വീട്ടിൽ ആൻസൻ (20) തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങി. പ്രതിയുടെ ലഹരിമരുന്നുപയോഗത്തെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ഏറ്റവുമൊടുവിലായി കഴിഞ്ഞ ദിവസം അടിമാലി മുനിയറയിൽ തനിച്ചു താമസിച്ചിരുന്നയാൾ കൊല്ലപ്പെട്ട കേസിൽ ഭാര്യാഭർത്താക്കൻമാർ പോലീസ് പിടിയിലായി. മുനിയറ മന്നാട്ട് നാരായണൻ കൊല്ലപ്പെട്ട കേസിൽ ഇയാളുടെ ജോലിക്കാരനായിരുന്ന കരമല സ്വദേശി സുരേന്ദ്രൻ, മൂന്നാം ഭാര്യ അളകമ്മ എന്നിവരാണ് പോലീസ് പിടിയിലായത്. ഈ കേസുകളിലെല്ലാം തന്നെ പ്രതികളെ കണ്ടെത്താനും പോലീസിനു കഴിഞ്ഞു.