ചെറുതോണി: ഇടുക്കി ആർച്ച് ഡാം ബന്ധിപ്പിച്ചിരിക്കുന്ന മലയുടെ മുകളിൽനിന്നും കൂറ്റൻ പാറ അടർന്നുവീണു. അടുത്തനാളിൽ ഇത് രണ്ടാംതവണയാണ് പാറ അടർന്നുവീഴുന്നത്. ഇന്നലെ രാവിലെ 11.30-ഓടെയാണ് ഭീകരശബ്ദത്തോടെ കുറവൻ മലയിൽനിന്നും കൂറ്റൻ പാറ അടർന്നുവീണത്. കുറവൻ – കുറത്തി മലകളെ തമ്മിൽ ബന്ധിപ്പിച്ചാണ് ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം നിർമിച്ചിരിക്കുന്നത്. അഞ്ചുമാസംമുന്പും കുറവൻ മലയിൽനിന്നാണ് പാറക്കഷണം അടർന്നുവീണത്.
200 അടിയോളം ഉയരത്തിൽനിന്നും അടർന്നുവീണ പാറക്കഷണം ഡാമിൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് ഉപയോഗിച്ചിരുന്ന ഇരുന്പ് ഗോവണികളും കൈവരികളും തകർത്താണ് നിലംപതിച്ചത്. അണക്കെട്ടിന്റെ അടിവാരത്തിൽ സിമന്റിൽ നിർമിച്ച ചാരുബഞ്ചുകളും നശിച്ചു. പാറക്കഷണം മണ്ണിൽ അരമീറ്ററിലധികം താഴ്ന്നുപോയി.
അണക്കെട്ടിന്റെ സുരക്ഷാചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഗാർഡ് റൂമിനു സമീപമാണ് പാറ വന്നുവീണത്. അടർന്ന പാറക്കഷണം പാറയിലിടിച്ച് പൊട്ടിച്ചിതറിയാണ് നിലത്തുവീണത്. സന്ദർശകർക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന സ്ഥലമായതിനാൽ ആളുകളാരും ഇവിടെ ഉണ്ടായിരുന്നില്ല.
അതേസമയം കുറവൻ മലയിൽ ഡാമിൽനിന്നും അൽപം മാറിയോ കുറത്തിമലയിൽനിന്നോ പാറ അടർന്നുവീണാൽ പോലീസ് ഗാർഡ് റൂമിലെ ഉദ്യോഗസ്ഥർക്ക് ഭീഷണിയായെന്നുവരാം.മഴവെള്ളം പാറയുടെ വിള്ളലിലൂടെ ഒലിച്ചിറങ്ങി പാറ അകന്നിരുന്നത് കനത്ത ചൂടിൽ വീണ്ടും അകന്ന് ഇളക്കംതട്ടിയതാകാം അടരാനുള്ള കാരണമെന്ന് ഡാം സുരക്ഷ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
വൈദ്യുതിമന്ത്രി എം.എം. മണി, ഡാം സേഫ്ടി എക്സിക്യൂട്ടീവ് എൻജിനീയർ അലോഷി പോൾ, പോലീസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ഇന്ന് തിരുവനന്തപുരത്തുനിന്നും ഉന്നത കഐസ്ഇബി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തും.