ചെറുതോണി: ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് കുറയുന്നില്ല. നിലവില്‍ 2399.14 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുകയാണ്. ഇതിനാലാണ് ജലനിരപ്പ് ഉയരുന്നത്.
അതേസമയം, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടി പിന്നിട്ട സാഹചര്യത്തിൽ അണക്കെട്ട് തുറക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിന് തമിഴ്നാട് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കുമെന്നാണ് സൂചന.
ഇതിനിടെ, പത്തനംതിട്ട കക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. ഷട്ടറുകള്‍ 60 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പമ്പ, അച്ചന്‍കോവില്‍ ആറുകളുടെയും കൈവഴികളുടെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.