തൊടുപുഴ: മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നു. ശരാശരി രണ്ടടിയോളം വെള്ളം ദിവസവും ഉയരുന്നുണ്ട്. ഇന്നലെ രാവിലെ ഏഴിന് 2367.44 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
സംഭരണശേഷിയുടെ 61.54 ശതമാനമാണിത്. കഴിഞ്ഞവർഷം ഇതേ ദിവസത്തേക്കാൾ 34 അടി വെള്ളം നിലവിൽ കൂടുതലുണ്ട്.
തെക്ക്-പടിഞ്ഞാറൻ കാലവർഷം രണ്ടുമാസംകൂടി ശേഷിക്കെ ജലനിരപ്പ് ഇത്രയും ഉയർന്നുനിൽക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി കെഎസ്ഇബി കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതുമൂലം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒന്പതടിയോളം വെള്ളം ഉയർന്നു.
ഇന്നലെ പദ്ധതി പ്രദേശത്ത് 84.06 മില്ലിമീറ്റർ മഴ ലഭിച്ചു. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
വൈദ്യുതി ബോർഡിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 60 ശതമാനം വെള്ളം നിലവിലുണ്ട്.
ഇന്നലെ സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 67.784 ദശലക്ഷം യൂണിറ്റാണ്. ഇതിൽ 41.439 ദശലക്ഷം യൂണിറ്റും ആഭ്യന്തരമായി ഉത്പാദിപ്പിച്ചു.
ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് ആറു ജനറേറ്ററുകളും 24 മണിക്കൂറും പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദനം നടത്തുന്നത്.
ഇന്നലെ 16.047 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിച്ചു.18.72 ദശലക്ഷം യൂണിറ്റാണ് ഇവിടത്തെ പരമാവധി ഉത്പാദനശേഷി.
കഴിഞ്ഞ നാലുദിവസത്തിനിടെ 25 കോടി രൂപയുടെ വൈദ്യുതി മൂലമറ്റത്ത് മാത്രം ഉത്പാദിപ്പിച്ചു.
ജലനിരപ്പുയർന്നതിനെ ത്തുടർന്ന് ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, ലോവർ പെരിയാർ, മലങ്കര അണക്കെട്ടുകൾ തുറന്നുവിട്ടിരിക്കുകയാണ്.
കനത്ത മഴയിൽ മൂന്നാർ -ഉദുമൽപ്പേട്ട അന്തർസംസ്ഥാനപാതയിൽ പെരിയവരൈ പാലത്തിനു സമീപം റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് പുഴയിലേക്കു വീണത് ഗതാഗത തടസം സൃഷ്ടിച്ചു. ജില്ലയിൽ മൂന്നാറിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്.
ഇന്നലെ മാത്രം 19 സെന്റിമീറ്റർ മഴ പെയ്തു. മഴ ശക്തമായതോടെ മലയോരമേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ജില്ലയിൽ ഇന്നും രാത്രി യാത്രയ്ക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി ഏഴുമുതൽ രാവിലെ ആറുവരെയാണ് നിരോധനം.
ജെയിസ് വാട്ടപ്പിള്ളിൽ