ചെറുതോണി: ഇടുക്കി അണക്കെട്ടിന്‍റെ പദ്ധതി പ്രദേശത്ത് ജലനിരപ്പ് താഴുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിൽനിന്ന് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കുറക്കാൻ തീരുമാനം. നിലവിൽ മൂന്നു ഷട്ടറുകളിലൂടെ 450 ഘനമീറ്റർ വെള്ളമാണ് തുറന്നുവിടുന്നത്. ഇത് 300 ഘനമീറ്ററായി കുറയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 2,396 അടിയായി ഇടുക്കിയിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. അണക്കെട്ടിന്‍റെ അഞ്ചു ഷട്ടറുകളിൽ രണ്ടു ഷട്ടറുകൾ തിങ്കളാഴ്ച അടച്ചിരുന്നു. സംഭരണശേഷിയുടെ 95 ശതമാനത്തോളം ജലമാണ് അണക്കെട്ടിലുള്ളത്. ശനിയാഴ്ച മുതൽ മഴ കുറഞ്ഞതോടെയാണ് ജലനിരപ്പിലും മാറ്റമുണ്ടായത്.