ചെറുതോണി: ഇപ്പോൾ അനുഭവപ്പെടുന്ന അമിത ചൂടിൽ അണക്കെട്ടിന് ചലനവ്യതിയാനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡാം സുരക്ഷാ വിഭാഗം ചെയർമാൻ ജസ്റ്റീസ് ആർ. രാമചന്ദ്രൻ നായർ. വെള്ള പെയിന്റ് അടിച്ചിരിക്കുന്നതിനാൽ ഒരു പരിധിവരെ ഇത് തടയാൻ സാധിക്കുമെന്നും ചെയർമാൻ പറഞ്ഞു.
ഡാം സേഫ്റ്റി അതോറിറ്റി ചെയർമാന്റെ നേതൃത്വത്തിലുള്ള സംഘം ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ ഇന്നലെ പരിശോധന നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
എല്ലാ വർഷവും മണ്‍സൂണ്‍ ആരംഭിക്കുന്നതിനുമുന്പ് നടത്താറുള്ള പതിവു പരിശോധനയുടെ ഭാഗമായിട്ടാണ് സംഘം എത്തിയത്. ഇടുക്കി, ചെറുതോണി അണക്കെട്ടിനകവും പരിസരവും സംഘം പരിശോധിച്ചു.
കഴിഞ്ഞ പ്രളയക്കെടുതിയിൽ അണക്കെട്ട് നിറഞ്ഞതിനെ തുടർന്ന് ഡാം തുറന്നുവിട്ടിരുന്നു. ഇതുമൂലം അണക്കെട്ടിന് യാതൊരു വിധ നാശവും സംഭവിച്ചിട്ടില്ലെന്ന് ചെയർമാൻ പറഞ്ഞു. മഴക്കാലത്തിനുമുന്നോടിയായി ഷട്ടറുകൾക്കും ഗേറ്റുകൾക്കും ഓയിൽ ഇടുക, റബർ ബുഷ് മാറുക തുടങ്ങിയ അറ്റകുറ്റപ്പണികൾ കാലവർഷത്തിന് മുന്‍പ് തീർക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും ചെയർമാൻ പറഞ്ഞു.
ഡാം സുരക്ഷാ അംഗങ്ങളായ ജോർജ് ജോസഫ്, പ്രഫ.ജയരാജ്, കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ ബിബിൻ ജോസഫ്, മെക്കാനിക്കൽ ചീഫ് എൻജിനീയർ വി.എസ് ഷാജി, സബ് എൻജിനീയർ പി.ജയ, ഇലക്ട്രിക്കൽ എൻജിനീയർ ശ്രീലത, അസി.എക്സിക്യൂട്ടീവ് എൻജിനീയർ സിനോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.