തിരുവനന്തപുരം: അതിവർഷം മുലം ഇടുക്കി അണക്കെട്ടിൽ ജലനിരപ്പു ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെള്ളം തുറന്നുവിടുകയാണെങ്കിൽ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ മുഴുവൻ വിവരങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ തയാറാക്കാൻ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് നിർദേശം ഉണ്ടായത്.
സംഭരണിയിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വെള്ളം കുറച്ചു വീതം തുറന്നു വിടുന്നതിനെക്കുറിച്ചാണു സർക്കാർ ആലോചിക്കുന്നത്. വെള്ളം തുറന്നു വിടുമ്പോൾ എത്ര താമസക്കാരെ ബാധിക്കുമെന്നും ഒഴുകിപ്പോകുന്ന ചാലുകളിലെ തടസങ്ങൾ എന്തൊക്കെയാണെന്നും മനസിലാക്കുന്നതിനാണു സർവേ നടത്തേണ്ടത്.
റവന്യൂ- ജലവിഭവ വകുപ്പുകളും കെഎസ്ഇബിയും ചേർന്നാണ് സർവേ നടത്തുക. ആവശ്യമായ തയാറെടുപ്പുകൾ നടത്താൻ ഇടുക്കി, എ റണാകുളം ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
അണക്കെട്ടു തുറന്നു വിട്ടാൽ വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരു വശങ്ങളിലും 100 മീറ്ററിനുളളിലുളള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അഥോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹചിത്രങ്ങളിൽ നിന്ന് തയാറാക്കിയിട്ടുണ്ട്.
അതിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായി ഈ കെട്ടിടങ്ങളിൽ താമസിക്കുന്നവരെ ക്കുറിച്ചുളള വിവരമാണ് അടിയന്തരമായി ശേഖരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയിലെ കണക്കു പ്രകാരം ഇടുക്കി അണക്കെട്ടിൽ 2392 അടി വെള്ളമുണ്ട്. റിസർവോയറിൽ സംഭരിക്കാവുന്നത് 2403 അടി വെള്ളമാണ്. മഴ തുടരുന്നതുകൊണ്ട് ശക്തമായ നീരൊഴുക്കാണ്.
ഇതിന് മുമ്പ് 1992 ലാണ് ഇടുക്കി അണക്കെട്ടു തുറന്നുവിട്ടത്. അതിനുശേഷം തെക്കു പടിഞ്ഞാറൻ കാലവർഷത്തിൽ ഇടുക്കിയിൽ ജലനിരപ്പ് ഇത്രയും ഉയരു ന്നത് ആദ്യമാണ്. ഈ സീസണിൽ ഇടുക്കിയിൽ 192.3 സെൻറിമീറ്റർ മഴ ലഭിച്ചു. ദീർഘകാല ശരാശരിയെ അപേക്ഷിച്ച് 49 ശതമാനം കൂടുതലാണിത്.