കൊച്ചി: ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നുവിട്ട സാഹചര്യത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങുന്നതിന് അധികൃതർ നിരോധനം ഏർപ്പെടുത്തി. ഉച്ചയ്ക്ക് ഒന്നു മുതലാണ് നിരോധനം. എന്നാൽ വിമാനങ്ങൾ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ തുടരുകയാണെന്നും സിയാൽ അധികൃതർ അറിയിച്ചു.
നിരോധനത്തെ തുടർന്ന് കൊച്ചിയിൽ ഇറങ്ങേണ്ട വിമാനങ്ങൾ എവിടെയിറക്കുമെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് നിലവിൽ നിയന്ത്രണമുണ്ട്. തിരുവനന്തപുരം, കോയന്പത്തൂർ എന്നിവടങ്ങളിലാകും നെടുന്പാശേരിയിൽ ഇറങ്ങേണ്ട വിമാനങ്ങൾ ഇറങ്ങുക എന്ന സൂചനയാണ് ലഭിക്കുന്നത്.
ഇടമലയാർ ഡാം പുലർച്ചെ അഞ്ചിന് തുറന്നു വിട്ടതോടെ പെരിയാറ്റിൽ കനത്ത തോതിൽ ജലനിരപ്പ് ഉയർന്നിരുന്നു. നിലവിൽ നെടുന്പാശേരി വിമാനത്താവളത്തിൽ വെള്ളം കയറിയിട്ടില്ലെങ്കിലും ചുറ്റുമതിലിന് അടുത്തുവരെ വെള്ളം എത്തിയ സ്ഥിതിയുണ്ട്. അതിനാലാണ് വിമാനം ഇറങ്ങുന്ന റണ്‍വേയിലെ പരിശോധനകൾക്ക് ശേഷം നിരോധനം ഏർപ്പെടുത്തിയത്.
എത്ര സമയം നിരോധനമുണ്ടാകുമെന്ന കാര്യവും അധികൃതർ വ്യക്തമാക്കിയിട്ടില്ല. വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നില്ലെങ്കിലും പ്രവർത്തനം സാധാരണ പോലെ മുന്നോട്ടുപോകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
2013-ൽ ഇടമലയാർ ഡാം തുറന്നപ്പോൾ വിമാനത്താവളത്തിന്‍റെ റണ്‍വേയിൽ വെള്ളം കയറിയ സ്ഥിതിയുണ്ടായിരുന്നു. ഇതുകൂടി മുന്നിൽ കണ്ടാണ് നിരോധനം. ഇടമലയാറിനൊപ്പം ഇടുക്കി കൂടി തുറന്നതോടെ ജാഗ്രതയുടെ ഭാഗമായി വിമാനങ്ങൾ ഇറങ്ങുന്നത് താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.