ആലുവ: ഇടുക്കി ഡാം തുറന്നു വിടുന്നതിന് മുന്പുള്ള ആദ്യ മുന്നറിയിപ്പ് ലഭിച്ചതോടെ പെരിയാർ തീരത്ത് അതീവ ജാഗ്രത. പെരിയാർ കരകവിയാനുള്ള സാധ്യത മുൻനിർത്തി സർവ സുരക്ഷയുമായി ജില്ലാഭരണകൂടം സജ്ജമാണ്. ഡാം തുറന്നാൽ എറണാകുളം ജില്ലയിൽ കൂടുതൽ ദുരിതം അനുഭവിക്കേണ്ടി വരുന്ന ആലുവ താലൂക്കിലെ 18 വില്ലേജുകളുടെ പരിധികളിലും കർശന സുരക്ഷയാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
എല്ലാ സർക്കാർ വിഭാഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ജില്ലാ ഭരണകൂടം ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരികയാണ്. ഡാം തുറക്കേണ്ട സ്ഥിതിയുണ്ടായാൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ അടിയന്തരമായി മാറ്റിപാർപ്പിക്കാൻ ആവശ്യമായ സൗകര്യങ്ങളുള്ള സ്ഥാപനങ്ങളുടെ താക്കോൽ അധികൃതർ കൈവശം സൂക്ഷിച്ചിരിക്കുകയാണ്.
പോലീസും ഫയർഫോഴ്സും വെളിച്ചമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ആലുവ യൂത്ത് ഹോസ്റ്റലിൽ താമസിക്കുന്നുണ്ട്. ഒരു യൂണിറ്റ് കാക്കനാടാണ് ക്യാന്പു ചെയ്യുന്നത്. എല്ലാ സംവിധാനങ്ങളോടും കൂടി ഏത് സ്ഥിതിയും നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇൗ സംഘം. ആവശ്യമായി വന്നാൽ ഇവർക്ക് പെരിയാറിന്റെ തീരത്തുള്ള വൈഎംസിഎ ക്യാന്പ് സെറ്റും ഒരുക്കിവച്ചിട്ടുണ്ട്.
ഇതുകൂടാതെ കരസേന, നാവികസേന, വായുസേന, കോസ്റ്റ് ഗാർഡ് എന്നിവരോടു ജാഗരൂകരായി ഇരിക്കുവാനുള്ള സന്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദ്ദേശ പ്രകാരം വായു സേനയുടെ ഒരു എംഐ 17 വി. ഹെലികോപ്ടറും എഎൽഎച്ച് ഹെലികോപ്ടറും സദാ സജ്ജമാണ്. നാവികസേനയും കരസേനയുടെയും നാല് സംഘം ദുരന്തനിവാരണ സാമഗ്രികൾക്കൊപ്പം തയ്യാറാണ്.
എറണാകുളത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയാൽ വിന്യസിക്കാൻ സജ്ജമായ ചെറു ബോട്ടുകളുമായി കോസ്റ്റ് ഗാർഡ് സംഘമുണ്ട്. നിലവിൽ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും അതാത് സമയങ്ങളിൽ ആവശ്യമായ നിർദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നൽകുമെന്നും അധികൃതർ അറിയിച്ചു. അതേസമയം ജില്ലയിൽ സ്വീകരിച്ചിട്ടുള്ള മുൻകരുതകലുകൾ വിശദീകരിക്കാൻ കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജനപ്രതിനിധികളുടെ യോഗം കളക്ടർ വിളിച്ചു ചേർത്തിട്ടുണ്ട്.