തൊടുപുഴ: ചെറുതോണിയിലെ ഒരു ഷട്ടർ ഉയർത്തി ജലമൊഴുക്കിവിട്ടിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ കെഎസ്ഇബി അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചു.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ നീരൊഴുക്കു വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്ന് ജലം ചെറുതോണി/പെരിയാർ നദിയിലേക്ക് ഒഴുക്കിവിടുമെന്നു കഐസ്ഇബി അറിയിച്ചു. ട്രയൽ റണ്ണിനായി ഒരു ഷട്ടർ തുറന്നെങ്കിലും 2399.56 അടിയാണു ഇടുക്കി അണക്കെട്ടിൽ വ്യാഴാഴ്ച നാലു മണിക്കുള്ള ജലനിരപ്പ്.
ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ ട്രയൽ റണ്‍ തുടരുമെന്ന് കഐസ്ഇബി അറിയിച്ചു. ഇടുക്കി ജില്ലാ ഭരണകൂടത്തെയാണ് ട്രയൽ റണ്‍ തുടരുമെന്ന കാര്യം കഐസ്ഇബി അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളിൽ ഒന്ന് 50 സെന്റിമീറ്ററാണ് ഉയർത്തിയത്. നാല് മണിക്കൂർ സമയത്തേയ്ക്കായിരുന്നു ഇത് നിശ്ചയിച്ചിരുന്നത്.
എന്നാൽ വെള്ളം ഒഴുക്കി വിട്ടിട്ടും ഇടുക്കിയിലെ ജലനിരപ്പ് താഴാത്തതിനാൽ ട്രയൽ റണ്‍ രാത്രിയിലും തുടരാൻ കഐസ്ഇബി തീരുമാനിക്കുകയായിരുന്നു.