തിരുവനന്തപുരം: ഇടുക്കി അണക്കെട്ടു തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ സേനാവിന്യാസം നടത്തും. എന്തു സാഹചര്യവും നേരിടാൻ തക്കവണ്ണം കര-വ്യോമ- നാവിക സേനകളെ വിന്യസിക്കും. ഇതോടൊപ്പം തീരസംരക്ഷണ സേനയും ബോട്ടുകളിൽ രക്ഷാ പ്രവർത്തനത്തിനു സജ്ജമായതായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റ് ഇന്ന് രാത്രിയോടെ ഇടുക്കിയിലെത്തി. മറ്റു യൂണിറ്റുകൾ എറണാകുളം, ആലുവ, തൃശൂർ എന്നിവിടങ്ങളിലുണ്ടാകും. കര- നാവിക- വ്യോമസേനകളുടെ സഹായം ഇവർക്ക് ഉറപ്പാക്കിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടു തുറക്കേണ്ട സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണു നടക്കുക. സേനകൾക്കും ആവശ്യമായ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള എല്ലാ മുന്നറിയിപ്പുകളും ജനങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.