അടിമാലി: കാലവർഷം കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.60 അടിയായി. ഇതോടെ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ വ്യാഴാഴ്ച 12ന് തുറക്കുമെന്ന് മന്ത്രി എം.എം. മണിയും വ്യക്തമാക്കി. ഇടുക്കിയിൽ എല്ലാ സുരക്ഷ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടമലയാർ അണക്കെട്ടിലെ സ്ഥിതിഗതികൾ കൂടി വിലയിരുത്തിയശേഷം മാത്രമേ ചെറുതോണിയിലെ കൂടുതൽ ഷട്ടറുകൾ തുറക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറുതോണി അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടറാണ് തുറക്കുന്നത്. 50 സെന്റിമീറ്റർ ഷട്ടർ ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് പദ്ധതി. നാല് മണിക്കൂർ ഷട്ടർ ഉയർത്തിവയ്ക്കും. 26 വർഷങ്ങൾക്കുശേഷമാണ് ചെറുതോണി അണക്കെട്ട് തുറക്കുന്നത്.