ചെറുതോണി: ഇടുക്കിയിൽ കാലവർഷം എത്തിയിട്ടും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പിൽ കാര്യമായ വ്യത്യാസമില്ല. അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം വൈദ്യുതനിലയത്തിൽ ഇന്ന് ഉത്പാദനം നിർത്തിവയ്ക്കുകയാണ്.
ഡാമിലെ ഇന്നലത്തെ ജലനിരപ്പ് 2300.90 അടിയാണ്. കഴിഞ്ഞവർഷം ഇതേദിവസം 2316.26 അടിയായിരുന്നു ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴ കുറവായതാണ് ജലനിരപ്പ് ഉയരാത്തതിനു കാരണം. ഇന്നലെ 12.8 മില്ലീമീറ്റർ മഴയാണ് പദ്ധതിപ്രദേശത്ത് ലഭിച്ചത്. മുൻദിവസത്തേക്കാൾ ജലനിരപ്പ് 0.12 മാത്രമാണ് വർധിച്ചത്. 235.775 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം മാത്രമാണ് അണക്കെട്ടിൽ നിലവിലുള്ളത്.
ആറ് ജനറേറ്ററുകളിലാണ് വൈദ്യുതോത്പാദനം നടന്നുവരുന്നത്. അണക്കെട്ടിലുള്ള വെള്ളത്തിന്റെ അടിസ്ഥാനത്തിൽ ഇതിൽ വ്യത്യാസം വരുമെന്ന് അധികൃതർ പറയുന്നു. മറ്റ് ജില്ലകളിൽ ശക്തമായ മഴ ലഭിക്കുന്പോഴും ഇടുക്കിയിൽ കാലവർഷം മടിച്ചുനിൽക്കുന്നതാണ് അണക്കെട്ടിലേക്ക് ഒഴുകിവരുന്ന ജലത്തിന്റെ അളവ് കുറയുന്നതിനിടയാക്കുന്നത്.
ഇനി 65 ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം അണക്കെട്ടിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ഏതളവിൽ ജനറേഷൻ നടക്കുമെന്ന് വൃക്തമായി പറയാനാവില്ലെന്നും ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നു.