തൊടുപുഴ: സംസ്ഥാനത്തു മണ്‍സൂണ്‍ എത്താൻ വൈകുമെന്ന കേന്ദ്ര കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനിടെ ഇടുക്കിയിലെ ജലനിരപ്പ് താഴ്ന്ന നിലയിൽ. ജില്ലയിൽ പലേടത്തും ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ടെങ്കിലും പദ്ധതിപ്രദേശത്തെ നീരൊഴുക്കിൽ കാര്യമായ വർധനയുണ്ടാകാത്ത സാഹചര്യമാണ്. നിലവിൽ ഡാമിൽ അവശേഷിക്കുന്നത് 27 ശതമാനം വെള്ളമാണ്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച കണക്കനുസരിച്ച് 2,325.86 അടി വെള്ളമാണ് ഡാമിലുള്ളത്.
2,403 അടിയാണ് ഡാമിന്റെ സംഭരണ ശേഷി. അതേസമയം, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വർധിച്ച തോതിൽ തുടരുകയാണ്. വിവിധ ജില്ലകളിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിനു കാര്യമായ കുറവില്ലാത്തതാണു വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണം. സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 84.84 ദശലക്ഷം യൂണിറ്റാണ്. 58.365 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നും എത്തിച്ചപ്പോൾ 26.484 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിച്ചു.
ഇതിൽ 14.467 ദശലക്ഷം യൂണിറ്റ് വൈദ്യുതി മൂലമറ്റം പവർഹൗസിൽ ഉത്പാദിപ്പിച്ചു. മൂലമറ്റം പവർ ഹൗസിൽ വൈദ്യുതോദ്പാദനം വർധിച്ചതോടെ ഇവിടെനിന്ന് ഒഴുകിയെത്തുന്ന വെള്ളം സംഭരിക്കുന്ന തൊടുപുഴ മലങ്കര ഡാമിലെ ജലനിരപ്പ് ഉയർന്നതോതിലായി. ഡാമിന്റെ തീരത്തു താമസിക്കുന്ന നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
ഡാമിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു രണ്ടുതവണ ഡാമിന്റെ ഷട്ടർ തുറന്നു വെള്ളം തൊടുപുഴയാറിലേക്ക് ഒഴുക്കിയിരുന്നു. ഇതിനുപുറമെ ഡാമിൽനിന്നു വെള്ളം കൊണ്ടുപോകുന്ന മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ഇടതുകര, വലതുകര കനാലുകളിലൂടെയും കൂടുതൽ വെള്ളം ഒഴുക്കിവിട്ടിരുന്നു. മൂലമറ്റത്തു വൈദ്യുതോത്പാദനം കൂടിയ തോതിൽ തുടർന്നാൽ ഡാം വീണ്ടും തുറന്നുവിടേണ്ട സാഹചര്യമുണ്ടാകും.