ഇടുക്കി: ഇടുക്കി ഡാം തുറക്കേണ്ടിവന്നാൽ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും തുറന്നുവിടുന്ന വെള്ളം ഉണ്ടാക്കുന്ന ആഘാതം ഇല്ലാതാക്കാൻ നടപടികൾ തുടങ്ങിയെന്നും കളക്ടറേറ്റിൽ ഇടുക്കി, മുല്ലപ്പെരിയാർ ഡാം സുരക്ഷയുമായി ബന്ധപ്പെട്ടു ചേർന്ന അടിയന്തരയോഗത്തിൽ മന്ത്രി എം.എം. മണിയും ജില്ലാ കളക്ടർ കെ. ജീവൻ ബാബുവും അറിയിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ച് വരെ 2,393.32 അടിയാണു ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 2,400 അടിവരെ ഉയരാൻ കാക്കാതെ 2,397 അടിയിലെത്തുന്പോൾ നിയന്ത്രിത അളവിൽ ചെറുതോണി ഡാമിന്റെ ഷട്ടർ തുറക്കാനുള്ള സാധ്യതകളാണ് പരിഗണിക്കുന്നത്.
അപായ സൈറണ് മുഴക്കി 15 മിനിറ്റിനു ശേഷമേ ഡാം തുറക്കുകയുള്ളൂ. ജീപ്പിൽ മൈക്ക് അനൗണ്സ്മെന്റ് നടത്തും. വെള്ളം തുറന്നുവിടുന്ന സമയത്ത് ആളുകൾ പുഴയിൽ പോകുന്നത് ഒഴിവാക്കും. സെൽഫി എടുക്കാനും വീഡിയോ എടുക്കാനും ആളുകൾ തടിച്ചുകൂടുന്നത് നിരുത്സാഹപ്പെടുത്തും. ഇക്കാര്യത്തിൽബോധവത്കരണം നടത്തും.
വെള്ളമൊഴുകുന്ന വഴികൾ പരിശോധിച്ചു
ചെറുതോണി ഡാം തുറക്കേണ്ടിവന്നാൽ വെള്ളം ഒഴുകിപ്പോകുന്ന വഴികൾ ഉദ്യോഗസ്ഥസംഘം പരിശോധിച്ചു. ചെറുതോണി ഡാം ടോപ്പ് മുതൽ പനംകുട്ടിവരെയുള്ള സ്ഥലങ്ങളിലാണ് ഇറിഗേഷൻ, വൈദ്യുതി, റവന്യു വകുപ്പുകളിലെ അഞ്ച് പേർ വീതം അടങ്ങിയ 20 സംഘങ്ങൾ പരിശോധന നടത്തിയത്.
പുഴയുടെ വീതി, തടസങ്ങൾ, സമീപമുള്ള വീടുകൾ, കെട്ടിടങ്ങൾ, വെള്ളം കുത്തനെ ഒഴുകുന്ന സ്ഥലം, പരന്നൊഴുകുന്ന സ്ഥലം തുടങ്ങിയവ പരിശോധിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്തു. പെരിയാറിന്റെ ഇരുകരകളിലുമുള്ള വീടുകൾ, താമസിക്കുന്ന ആളുകളുടെ എണ്ണം, വിലാസം, ഫോണ് നന്പർ, കൃഷിയിടം, വൈദ്യുത ലൈനുകൾ, കെട്ടിടങ്ങൾ തുടങ്ങിയ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഉയർന്ന മേഖലകളിൽ പെരിയാറിന് മധ്യഭാഗത്തുനിന്ന് ഇരുഭാഗത്തേക്കും 50 മീറ്റർ വീതവും താഴ്ന്ന മേഖലയിൽ 100 മീറ്റർ വീതവും ദൂരത്തിലാണ് സർവേ നടത്തിയത്. സ്ഥലത്തിന്റെ സ്കെച്ച് രേഖപ്പെടുത്തുകയും ചെയ്തു.
ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനുമാണ് വിവരശേഖരണത്തിലൂടെ സ്ഥലമാപ്പും പ്ലാനും തയാറാക്കുന്നത്. ഡാം ടോപ്പ് മുതൽ ചെറുതോണി കുതിരക്കല്ല് വരെ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരാണ് സർവേ നടത്തിയത്.
തുടർന്നുള്ള ഓരോ കിലോമീറ്ററും വിവിധ വകുപ്പുകളിലെ അഞ്ച് പേരടങ്ങിയ സംഘമാണ് സർവേ നടത്തിയത്. അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ഇടുക്കി ആർഡിഒ എം.പി. വിനോദ് എന്നിവർ വെള്ളം കയറാനിടയുള്ള പെരിയാർ തീരദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
രാത്രിയിൽ തുറക്കില്ല
ജലനിരപ്പ് 2400 അടിയിലെത്തിയാൽ അണക്കെട്ടു തുറന്നുവിടാനാണ് ഡാം സേഫ്റ്റി ഉദ്യോഗസ്ഥർ നേരത്തേ നിർദേശിച്ചിരുന്നത്. എന്നാൽ, പെരിയാറിലൂടെ അമിതമായി വെള്ളം ഒഴുക്കി കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാ കുന്നത് ഒഴിവാക്കുന്നതിന് നേരത്തെതന്നെ അണക്കെട്ട് തുറക്കാനാണ് ഇന്നലെ നടന്ന സംയുക്ത യോഗത്തിന്റെ തീരുമാനം.
രാത്രിയിൽ അണക്കെട്ട് തുറക്കില്ലെന്നും എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചശേഷം മാത്രമേ ഇതുണ്ടാവുകയുള്ളൂവെന്നും ആശങ്കവേണ്ടെന്നും വൈദ്യുതി മന്ത്രി എം.എം. മണി അറിയിച്ചു.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നുനിൽക്കുന്നതും ഇടുക്കി ഡാം തുറക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.9 അടിയിൽ തുടരുകയാണ്. പകൽ മഴ മാറിനിന്നെങ്കിലും രാത്രി ശക്തമായ മഴ പെയ്യുന്നുണ്ട്. ജലനിരപ്പ് നിയന്ത്രിക്കാൻ മുല്ലപ്പെരിയാർ തുറന്നുവിട്ടാൽ ഇടുക്കി ഡാമിൽ കൂടുതൽ വെള്ളമെത്തും.
ഇടുക്കിയിലെ ജലനിരപ്പ് സമുദ്രനിരപ്പിന്റെ അടിസ്ഥാനത്തിൽ
ഇടുക്കി ഡാമിലെ ജലനിരപ്പ് കണക്കാക്കുന്നത് സമുദ്രനിരപ്പിന്റെ അടിസ്ഥാനത്തിലാണ്. മറ്റ് ഡാമുകളിൽ ഡാമിലെ ജലനിരപ്പാണ് കണക്കാക്കുന്നത്.
839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 168.91 മീറ്റർ ഉയരത്തിൽ പെരിയാറിനു കുറുകെയാണ് ഇടുക്കി അണക്കെട്ട് നിർമിച്ചിരിക്കുന്നത്. 60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്.
അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 745ലക്ഷം ഘനയടിയാണെങ്കിലും 705 ല ക്ഷം ഘനയടിവരെയാണു സംഭരിക്കാറുള്ളത്. 1992 ഒക്ടോബർ 12നാണ് ഏറ്റവുമൊടുവിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നത്.