ചെറുതോണി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2396.86 അടിയിലെത്തിയതോടെയാണ് രാവിലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഇതില്‍നിന്ന് ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 2396.96 അടിയാണ് നിലവില്‍ അണക്കെട്ടിലുള്ള ജലനിരപ്പ്.
അണക്കെട്ടിലെ പരമാവധി സംഭരണശേഷി 2403 അടിയാണ്. വൃഷ്ടി പ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലാണ് അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 133 അടി പിന്നിട്ടു. കേരളത്തിൽ നിലവിൽ പ്രളയ സാഹചര്യമില്ലെന്ന് കേന്ദ്ര ജല കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ, ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല അവലോകന യോഗം ചേരുകയാണ്. മഴക്കെടുതി സംബന്ധിച്ചും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം നടത്തും.