
തൊടുപുഴ: മഴ ശക്തമായാല് ഇക്കൊല്ലവും ഇടുക്കി അണക്കെട്ട് തുറന്നു വിടേണ്ടി വരുമെന്ന് വിലയിരുത്തല്. വേനല്ക്കാലത്തുണ്ടാകുന്ന റിക്കാര്ഡ് ജലനിരപ്പാണ് ഇക്കുറി അണക്കെട്ടിലുള്ളത്.
കഴിഞ്ഞ വര്ഷം ഈ സമയത്ത് ഉണ്ടായിരുന്നതിനേക്കാള് 16 അടി വെള്ളം അണക്കെട്ടില് കൂടുതലുണ്ട്. ജൂണ് ഒന്നു മുതല് കേരളത്തില് കാലവര്ഷം ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
അണക്കെട്ടില് ഇതേ ജലനിരപ്പ് തുടരുകയും ജൂണ് ആദ്യം മഴ ശക്തമായി അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്ധിക്കുകയും ചെയ്താല് അണക്കെട്ട് തുറക്കേണ്ടി വരുമെന്നാണ് സൂചന. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2,348 അടിയാണ്.
സംഭരണശേഷിയുടെ 45 ശതമാനം വെള്ളമാണ് ഇപ്പോള് ഡാമിലുള്ളത്. കഴിഞ്ഞ വര്ഷം ഇതേ സമയത്തെ ജലനിരപ്പ് 2,332 അടി മാത്രമായിരുന്നു. ലോക്ക്ഡൗണില് ഫാക്ടറികളും വാണിജ്യ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞ് കിടക്കുന്നതിനാല് സംസ്ഥാനത്ത് വൈദ്യുതോപയോഗം കുറഞ്ഞു.
ഇതോടെ ഇടുക്കിയില് നിന്നുള്ള വൈദ്യുതോല്പ്പാദനവും കുറച്ചു. ഡാമില് ജലനിരപ്പ് താഴാതെ നില്ക്കുന്നതിനുള്ള പ്രധാന കാരണമിതാണ്. ലോക്ക് ഡൗണിന് മുമ്പ് പ്രതിദിനം ശരാശരി 8.5 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ആവശ്യം വന്നിരുന്നത്.
എന്നാല് ഒന്നര മാസമായി പ്രതിദിന ഉപഭോഗം ഏഴ് കോടി യൂണിറ്റ് മാത്രം. കാലവര്ഷം ഇത്തവണ ജൂണ് ഒന്നിന് തന്നെ എത്തുമെന്നും ശക്തമാകുമെന്നുമാണ് കാലാവസ്ഥ പ്രവചനം. ഇങ്ങിനെ വന്നാല് ജൂലൈയില് ഡാം നിറഞ്ഞേക്കും.
ഈ പ്രതിസന്ധി ഒഴിവാക്കാന് ചെറുഡാമുകളില് നിന്നുള്ള വൈദ്യുതോല്പ്പാദനം കുറച്ച് ഇടുക്കിയില് ഉത്പാദനം കൂട്ടാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. പക്ഷേ ആറ് ജനറേറ്ററുകളില് മൂന്നെണ്ണം മാത്രമാണ് പ്രവര്ത്തനക്ഷമമെന്നത് ഈ ശ്രമത്തിന് തിരിച്ചടിയാണ്.
്