ഇടുക്കി: ഇടുക്കി ഡാം തുറക്കുന്നതോടെ ചെറുതോണി പാലം അപകടത്തിലായാൽ പകരം ഗതാഗത ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ അറിയിച്ചു.
ചെറുതോണി പാലം അപകടത്തിലായാൽ കട്ടപ്പന-തൊടുപുഴ ഗതാഗതം കൊച്ചുകരിന്പൻ പാലം വഴിതിരിച്ചുവിടും. അവിടെയും വെള്ളം കയറിയാൽ കട്ടപ്പനയിൽനിന്ന് ഏലപ്പാറ, വാഗമണ് വഴി തിരിച്ചുവിടും. അല്ലെങ്കിൽ കുമളി, കെകെ റോഡുവഴി ഗതാഗതം ക്രമീകരിക്കും. തൊടുപുഴയിൽനിന്നുള്ള മൾട്ടി ആക്സിൽ വാഹനങ്ങൾ മുട്ടം ഏലപ്പാറവഴി തിരിച്ചുവിടും.
വളരെ അത്യാവശ്യ സന്ദർഭങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി ഡാമിന് മുകളിലൂടെയുള്ള ഗതാഗതവും പരിഗണിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ചെറുതോണി, കരിന്പൻ പാലങ്ങളിലൂടെ പോകുന്ന ബിഎസ്എൻഎൽ ഫൈബർ ഒപ്റ്റിക്കൽ കേബിൾ സംരക്ഷിക്കാനാവശ്യമായ നടപടികളും ദേശീയപാതാ അധികൃതർ കൈക്കൊള്ളും.
യോഗത്തിൽ ജോയ്സ് ജോർജ് എംപി, എംഎൽഎമാരായ പി.ജെ. ജോസഫ്, റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിലെ ഉയർന്ന ജലനിരപ്പ് ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഏകോപിത പ്രവർത്തനം ആവശ്യമാണെന്നു ജോയിസ് ജോർജ് എംപി, എംഎൽഎമാരായ പി.ജെ. ജോസഫ്, റോഷി അഗസ്റ്റിൻ എന്നിവർ ആവശ്യപ്പെട്ടു.
ചെറുഡാമുകളും തുറക്കേണ്ടിവരും
തൊടുപുഴ: നീരൊഴുക്കിന്റെ തോതു കൂടിയാൽ 2400 അടിക്കു മുന്പ് ഇടുക്കി അണക്കെട്ട് തുറക്കാനുള്ള കെഎസ്ഇബി തീരുമാനം പ്രളയ ഭീഷണി ഉയർത്തുന്നു. അഞ്ച് ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ രണ്ടടി ഉയർത്തിയാൽ സെക്കൻഡിൽ 1600 ഘനയടി വെള്ളം പുറത്തേക്കൊഴുകും. ഷട്ടറുകൾ ഒന്നൊന്നായി പ്രത്യേകം പ്രവർത്തിപ്പിക്കാൻ സംവിധാനമുണ്ട്.
വെള്ളം ആദ്യമെത്തുക ലോവർ പെരിയാർ അണക്കെട്ടിലാണ്. തുടർന്ന് ഭൂതത്താൻകെട്ട് അണക്കെട്ടിലെത്തും. ലോവർ പെരിയാറും ഭൂതത്താൻകെട്ടും നിലവിൽ നിറഞ്ഞുകിടക്കുകയാണ്. ഇടമലയാർ അണക്കെട്ട് തുറന്നുവിട്ടാൽ വെള്ളം എത്തുന്നതും ഭൂതത്താൻകെട്ടിലാണ്. ഇതോടെ ഈ അണക്കെട്ടുകളെല്ലാം തുറന്നുവിടേണ്ടിവരും.
ഇത് വൻ പ്രളയത്തിനു കാരണമാകും. ശബരിഗിരി പദ്ധതികളുടെ അണക്കെട്ടുകൾകൂടി തുറന്നുവിടേണ്ടി വന്നാൽ കുട്ടനാട് വീണ്ടും മുങ്ങും. രണ്ടാം മണ്സൂണിലാണ് മുൻകാലങ്ങളിൽ ഇടുക്കി അണക്കെട്ട് നിറയാറുള്ളത്. ഇതിനു വിരുദ്ധമായാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ട് 136 അടിയിലെത്തി നിൽക്കുകയുമാണ്. ഇതെല്ലാം പരിഗണിച്ചാണ് ആവശ്യമെങ്കിൽ അണക്കെട്ട് നേരത്തേ തുറക്കാൻ കെ എസ്ഇബി തീരുമാനമെടുത്തത്. മൂന്നു ജില്ലകൾ ഉൾപ്പെടെ ഏഴു താലൂക്കുകളെയാവും അണക്കെട്ട് തുറന്നുവിടൽ മൂലമുള്ള വെള്ളപ്പൊക്കം ബാധിക്കുക. ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകൾ ചേർന്നതാണ് ഇടുക്കി പദ്ധതി. 81 ൽ ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളിൽ രണ്ടെണ്ണവും 91ൽ നാലു ഷട്ടറുകളും തുറന്നു.
സ്ഥാപിതശേഷിയുടെ പരമാവധി വൈദ്യുതി ഉത്പാദനമാണ് ഇപ്പോൾ സംസ്ഥാനത്തു നടക്കുന്നത്. 40.1528 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ ഉത്പാദനം. ഇതിൽ 38.356 ദശലക്ഷം യൂണിറ്റും ജലവൈദ്യുതിയായിരുന്നു. ഇടുക്കിയിലെ ഒരു ജനറേറ്ററിനു പുറമെ ഷോളയാറിൽ രണ്ടും ശബരിഗിരിയിൽ ഒരു ജനറേറ്ററും ഷട്ട്ഡൗണിലാണ്.
വൃഷ്ടിപ്രദേശങ്ങളിൽ മഴയുടെ ശക്തി അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. 2393.32 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. മൊത്തം സംഭരണശേഷിയുടെ 88 ശതമാനം വെള്ളം നിലവിലുണ്ട്.
6.2 മില്ലിമീറ്റർ മഴ ഇന്നലെ വൃഷ്ടിപ്രദേശത്ത് രേഖപ്പെടുത്തി. ശബരിഗിരി 5.11, കുറ്റ്യാടി 4.919, ഇടമലയാർ 1.58, ഷോളയാർ 0.432, പള്ളിവാസൽ 0.628, പന്നിയാർ 0.7671, നേര്യമംഗലം 1.827, ലോവർപെരിയാർ 4.208 , പൊരിങ്ങൽ 1.32, ചെങ്കുളം 0.4411, കക്കാട് 0.9192, കല്ലട 0.328, മലങ്കര 0.0705 ദശലക്ഷം യൂണിറ്റ് എന്നിങ്ങനെയായിരുന്നു മറ്റു പദ്ധതികളിൽനിന്നുള്ള ഉത്പാദനം. മൊത്തം സംഭരണശേഷിയുടെ 89 ശതമാനം വെള്ളം നിലവിൽ എല്ലാ അണക്കെട്ടുകളിലുമായുണ്ട്. 3685.722 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമുണ്ടിത്. കഴിഞ്ഞ വർഷം ഇതേസമയം 1030.522 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ഉണ്ടായിരുന്നത്.
ജോണ്സണ് വേങ്ങത്തടം