ഇടുക്കി: പതിനഞ്ചാം വയസിൽ കൊല്ലത്തുനിന്നു ജോലി തേടി വന്നതാണു ഗോപി. ഇടുക്കിയിൽ വന്നപ്പോൾ അണക്കെട്ടു പണിയുന്ന ജോലി കിട്ടി. അവരുടെകൂടെ കൂടി ഇവിടെ ജീവിച്ചു. ഇടുക്കി അണക്കെട്ട് പണിയുന്നതിനു മാത്രമല്ല തുറന്നു വിടുന്നതും കണ്ടു. ഇടുക്കി അണക്കെട്ട് തുറക്കുന്നതിൽ എന്തിനാണ് ആശങ്കപ്പെടുന്നതെന്നാണ് ചെരുവിളപ്പുത്തൻവീട്ടിൽ ഗോപി ചോദിക്കുന്നത്.
അണക്കെട്ട് പണിയാൻ കൂടിയപ്പോൾ കിട്ടുന്നതു വെറും 2.50 രൂപയാണ്. അതു കൊണ്ടു സന്തോഷത്തോടെ ജീവിച്ചു. കാരണം വെറെ പണി ഈ മലമുകളിൽ കിട്ടില്ലായിരുന്നു. തിരിച്ചു പോയാൽ പട്ടിണി കിടക്കേണ്ടി വരും. ചെറുതോണി ടൗണിൽ ചെറിയ കൂര കെട്ടി ജീവിതം ആരംഭിച്ചു. ഇന്നു കുടുംബമായി സുഖമായി ജീവിക്കുന്നു.
അണക്കെട്ടിന്റെ നിർമാണത്തെ കുറിച്ചൊന്നും അറിയില്ലെങ്കിലും പലരും പറഞ്ഞു കുറച്ചു കാര്യങ്ങൾ മനസിൽ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ 15,000 തൊഴിലാളികൾ ജോലിചെയ്ത പദ്ധതി നിർമാണത്തിനിടയിൽ 85 പേർ അപകടത്തിലും മറ്റും പെട്ട് മരിച്ചെന്നു ഗോപി പറയുന്നു. നിർമാണം നടക്കുന്പോൾ അദ്ഭുതത്തോടെയാണ് ഇതിനെ നോക്കിക്കണ്ടത്.
രണ്ടു നദികളെ ഒന്നിച്ചു ചേർത്തുള്ള നിർമാണം അദ്ഭുതമായിരുന്നു. രണ്ടു വശങ്ങളിലൂടെ ഒഴുകിയ ആറുകളുടെ വെള്ളമൊഴുക്കിനു തടസം സൃഷ്ടിക്കാതെയാണു നിർമാണം നടത്തിയത്. ഇന്നാണെങ്കിൽ ഇതു സാധിക്കില്ലെന്നും ഗോപി പറയുന്നു.
ഇടുക്കി അണക്കെട്ടിനു ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത. അണക്കെട്ട് തുറന്നാലും ആശങ്ക വേണ്ടെന്നാണ് ഗോപിയുടെ അഭിപ്രായം. അണക്കെട്ടിൽനിന്നു വരുന്ന വെള്ളം അപകടം കൂടാതെതന്നെ ഒഴുകിപ്പോകും. ഈ നാട്ടുകാർക്കൊന്നുമില്ലാത്ത ആശങ്കയാണു പുറത്തുനിന്നു വരുന്നവർക്കെന്നും അദ്ദേഹം പറയുന്നു.