ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ ഫോറം ഫോർ ഡെമോക്രസിയുടെ പിന്തുണ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന് നൽകാനുള്ള തീരുമാനം എൽഡിഎഫിന് കനത്ത തിരിച്ചടിയായി.സംഘടനയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്ന പലരും സിപിഎമ്മിൽ ഏറെക്കാലം നെടുനായകത്വം വഹിച്ചിരുന്നവരും ജില്ലാ തല ഭാരവാഹികളുമായിരുന്നുവെന്നതാണ് എൽഡിഎഫിനെ പ്രതിരോധത്തിലാക്കുന്നത്.
200-ാളം അംഗങ്ങളാണ് നിലവിൽ സംഘടനയിലുള്ളതെന്നാണ് ഭാരവാഹികൾ അവകാശപ്പെടുന്നത്.സംഘടനയുടെ പ്രസിഡന്റായ പി.എം.മാനുവൽ സിപിഎം മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു. മറ്റൊരു അംഗമായ എം.സി.മാത്യു സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റംഗവും തൊടുപുഴ നിയോജകമണ്ഡലത്തിൽ പി.ജെ.ജോസഫിനെതിരേ മൽസരിച്ച മുൻ എൽഡിഎഫ് സ്ഥാനാർഥിയുമാണ്.ഇദ്ദേഹത്തിന്റെ ഭാര്യ കെ.പി.മേരി നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാണ്.
സിപിഎമ്മുമായി നല്ല ബന്ധം പുലർത്തിയിരുന്നവരും പാർട്ടിയുടെ നെടുനായകത്വം വഹിച്ചിരുന്നവരും നേതൃത്വം നൽകുന്ന സംഘടന യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എൽഡിഎഫിന് വരുത്തിയിരിക്കുന്ന ക്ഷീണം ചെറുതല്ല.
കേന്ദ്രത്തിൽ ശക്തമായ സർക്കാർ അധികാരത്തിൽ വരുന്നതിനും അതു നിലനിൽക്കുന്നതിനും കേരളത്തിൽ നിന്നും 20 സീറ്റുകളിലും യുഡിഎഫ് വിജയിക്കേണ്ടത് അനിവാര്യമാണ്. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അപ്രസക്തമാണ്.
കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കേണ്ടവരെയല്ല മറിച്ച് അവരെ പരാജയപ്പെടുത്താൻ മത്സരിക്കുന്ന സിപിഎമ്മിനെയും സിപിഐയേയും വിജയിപ്പിക്കേണ്ടതെന്ന വിചിത്രവാദമാണ് ഇവർ ഉയർത്തുന്നതെന്നും ഇതു കല്യാണത്തിന് വരനല്ല പരിചാരകനാണ് പോകേണ്ടതെന്നു പറയുന്നത് പരിഹാസ്യമാണെന്നും ഫോറം ഫോർ ഡെമോക്രസി ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ഭാവി സംഘടനാ പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിന് ഇന്നു വൈകുന്നേരം അഞ്ചിന് തൊടുപുഴ സിസിലിയ ഹോട്ടലിൽ വിപുലമായ കണ്‍വൻഷനും വിളിച്ചുചേർത്തിട്ടുണ്ട്.