റെജി ജോസഫ്
ഇടുക്കിയുടെ വരണ്ടു വിറങ്ങലിച്ച ഗ്രാമങ്ങളിലെ നിറഞ്ഞ കണ്ണുകളും വിതുന്പുന്ന ഹൃദയങ്ങളും സാക്ഷി. വരിക്കനാനിക്കൽ ജയിംസിന്റെ മൃതദേഹം സംസ്കരിച്ചിട്ട് ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞതേയുള്ളു. ഭാര്യ ലൗലിയും വിവാഹപ്രായമെത്തിയ രണ്ടു പെണ്മക്കളും രണ്ടോ മൂന്നോ വാക്കുകൾ മാത്രം പറഞ്ഞു: “ഞങ്ങൾ എങ്ങനെ ജീവിക്കും’.
അടിമാലി പാറത്തോട് ഇരുമലക്കപ്പ് ജയിംസ് ജോസഫ് ( 54) എന്ന കർഷകൻ ചൊവ്വാഴ്ച ജീവനൊടുക്കിയതു കാർഷിക കടത്തിൽ ജീവിതവും പ്രതീക്ഷകളും തകർന്നപ്പോഴാണ്. ഷെഡ്യൂൾഡ് ബാങ്കിൽ നിന്നെടുത്ത കടം പലിശയടക്കം നാലര ലക്ഷം കവിഞ്ഞു. പെണ്മക്കളെ പഠിപ്പിക്കാനെടുത്ത വായ്പ മുതലിനേക്കാൾ പെരുകി. കാർഷിക തകർച്ച പ്രളയത്തോടെ പരമകോടിയിലെത്തിയപ്പോൾ ഉൗണും ഉറക്കവും നഷ്ടപ്പെട്ട ജയിംസ് പെരിഞ്ചാൻകുട്ടി തേക്ക് പ്ലാന്റേഷനിൽ ജീവനൊടുക്കുകയായിരുന്നു.
കർഷകരുടെ ശവപ്പറന്പായി മാറിയ ഇടുക്കിയുടെ കാർഷിക ഭൂമികയിൽ രണ്ടു മാസത്തിനുള്ളിലെ ഏഴാമത്തെ കർഷക ആത്മഹത്യയാണ് ജയിംസിന്റേത്. വിലാപം തളംകെട്ടിയ ഈ വീട്ടിൽ മാത്രമല്ല ആത്മഹത്യകളിൽ വിറങ്ങലിച്ചുപോയ പല വീടുകളിലും കേൾക്കാനായത് ഇത് മാത്രം. “ഞങ്ങളെ ആരു തുണയ്ക്കും’.
ജയിംസിനെപ്പോലെ അതിദാരുണമായ അന്ത്യം വരിച്ച സന്തോഷ്, സഹദേവൻ, ജോണി, രാജു, ശ്രീകുമാർ, സുരേന്ദ്രൻ, രാജൻ തുടങ്ങി ഇടുക്കി ഗ്രാമങ്ങളിൽ ഒരുനിര കർഷകർ. ഈ ഹതഭാഗ്യരുടെ വീടുകളിലേക്ക് കയറിച്ചെല്ലുന്പോൾ കാണാനാകുന്നത് നെഞ്ചുപിടയ്ക്കുന്ന കാഴ്ചകൾ. വീടുകൾക്കു മുന്നിൽ ഒട്ടിച്ചതും പെട്ടിയിൽ അടുക്കിയതുമായി, കുടിശിക ജപ്തി നോട്ടീസുകൾ. ഈ വീടുകളുടെ ആധാരവും രേഖകളും ഈടായി ബാങ്കുകളുടെ കൈവശമാണ്. കലിതുള്ളി പെയ്ത കാലവർഷത്തിലും മണ്ണിടിച്ചിലിലും പൊളിഞ്ഞു നിലംപൊത്താറായിരിക്കുന്നു ഈ ചെറിയ വീടുകളെല്ലാം. ഉണങ്ങി വരണ്ട കാർഷിക വിളകൾ. കുത്തൊഴുക്കിൽ പുതഞ്ഞുപോയ കൃഷിയിടങ്ങൾ. ഒപ്പം വീടിനോടു ചേർന്ന് ഓരോ കുഴിമാടങ്ങളും.
പത്തും ഇരുപതും ലക്ഷങ്ങളുടെ കടങ്ങൾ ബാക്കിയാക്കിയ ശേഷം ജീവനൊടുക്കിയ കർഷകരുടെ വീടുകളിൽനിന്ന് ഇനിയും ദുരന്തവാർത്തകൾ കേൾക്കാനിടയാകാതിരിക്കണം. ഇവരുടെ മാത്രമല്ല ഇടുക്കിയുടെ മണ്ണിലെ ആയിരക്കണക്കിനു ഭവനങ്ങളിൽ തകർച്ചയിലും കടബാധ്യതയിലും പ്രതീക്ഷയറ്റിരിക്കുകയാണ് വിധവകളും മക്കളുമൊക്കെ.
കർഷകഭൂമിയിലെ കണ്ണീർവർഷത്തിന്റെ തുടക്കം ഇക്കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു. തോപ്രാംകുടി മേരിഗിരി താന്നിക്കാട്ടുകാലായിൽ സന്തോഷ് (37) എന്ന കഠിനാധ്വാനിയായ കർഷകൻ പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ ജീവനൊടുക്കി. പുലർച്ചെ മൂന്നിനു പച്ചക്കറി നനയ്ക്കാൻ വീട്ടിൽനിന്നിറങ്ങിയ യുവാവ് മടങ്ങിവന്നിട്ടില്ല. നടുക്കത്തോടെ ഓടിയെത്തിയവർ ആ മൃതദേഹം കണ്ടു നടുങ്ങി. സർക്കാർ ധനകാര്യസ്ഥാപനത്തിൽനിന്ന് രണ്ടു വർഷം മുൻപെടുത്ത ആറു ലക്ഷം രൂപയുടെ കടം 10 ലക്ഷം രൂപയിലെത്തി.
കിടപ്പാടം മാത്രമല്ല വിവാഹിതയായ സഹോദരിയുടെ പുരയിടത്തിന്റെയും ആധാരം ഈടു നൽകിയാണ് സന്തോഷ് കടമെടുത്തത്. പ്രളയത്തിനു പിന്നാലെ കൃഷി വായ്പകൾക്കു മോറട്ടോറിയം പ്രഖ്യാപിച്ചതൊന്നും പരിഗണിക്കാതെ സന്തോഷിന്റെയും സഹോദരിയുടെയും വീടു ജപ്തി ചെയ്യുമെന്ന അറിയിപ്പുമായി ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ എത്തിയത് നാട്ടുകാരും ബന്ധുക്കളും അറിഞ്ഞതിലെ മാനക്കേടും ആത്മഹത്യയുടെ കാരണങ്ങളിലൊന്നായി അമ്മ ഓമനയും ഭാര്യ ആഷയും കരുതുന്നു. കിടപ്പാടം മാത്രമല്ല അടുക്കളയിലെ പാത്രങ്ങൾ കൂടി ലേലം ചെയ്യുമെന്നായിരുന്നു ഉത്തരവ്. ഓമനയുടെയും ആഷയുടെയും അരുകിൽ അഞ്ചു വയസുള്ള കുഞ്ഞിന്റെ നൊന്പരം ആരു കാണുന്നു. ഇവർക്ക് ഇനി പ്രതീക്ഷ സർക്കാരിൽ മാത്രമാണ്. സന്തോഷിന്റെ അച്ഛൻ രവി രണ്ടു വർഷം മുമ്പു വീടിനു മുന്നിൽ ഷോക്കേറ്റു മരിക്കുകയായിരുന്നു. നയാ പൈസ വൈദ്യുത ബോർഡ് നഷ്ടപരിഹാരം നൽകിയതുമില്ല.
മലനാട്ടിലെ കാർഷികതകർച്ച കർഷകരെ വലയ്ക്കാൻ തുടങ്ങിയിട്ടു കുറെ വർഷങ്ങളായി. പെരുമഴയും പ്രളയവും തകർച്ചയുടെ ശവപ്പെട്ടിയുടെ അവസാന ആണിയായി മാറിയെന്നു മാത്രം. കൊക്കോയ്ക്കും കുരുമുളകിനും കാപ്പിക്കും വിലയിടിഞ്ഞു. ഒപ്പം ഉത്പാദനവും തീരെ കുറഞ്ഞു. ഏലത്തിനു വിലയുണ്ടായിട്ടു കാര്യമില്ല. വിളവ് നന്നേ കുറവ്. രാവും പകലും അധ്വാനിച്ച് പച്ചക്കറി നനച്ചു വിളയിച്ചാൽ വിലയുമില്ല വിപണിയുമില്ല. മലയോര ഗ്രാമങ്ങളിലെല്ലാം കാർഷിക തകർച്ചയിൽ മരവിച്ചു പോയ കർഷകരെയാണ് കാണാനായത്.
ഏറെപ്പേർക്കും അരയേക്കറിൽ താഴെയാണു കൃഷിയിടം. അതിലൊരു ചെറിയ വീടും. ഇതു പണയപ്പെടുത്തിയാണ് ബാങ്കുവായ്പയെടുത്തത്. നാലര ശതമാനം പലിശ എന്ന കണക്കിലെടുക്കുന്ന കൃഷി വായ്പ കുടിശികയാകുന്പോൾ നിരക്ക് ഇരട്ടിയാകും. പിന്നെ പിഴപ്പലിശയും. രണ്ടു ലക്ഷം രൂപ വായ്പയെടുത്ത് പലിശയടക്കം തുക പത്തു ലക്ഷം കവിഞ്ഞവരുണ്ട്. ഇതിനൊപ്പം മക്കളെ പഠിപ്പിച്ച് എങ്ങനെയും കരകയറ്റാൻ ലോണെടുത്ത് കിടപ്പാടം തന്നെ നഷ്ടപ്പെട്ടവരും ഏറെപ്പേരാണ്. ബാങ്കുകളിൽനിന്നു മാത്രമല്ല ബ്ലേഡ് കൊള്ളക്കാർക്ക് ആധാരം പണയപ്പെടുത്തി പണമെടുത്തവർക്ക് കണക്കൊന്നുമില്ല. കടം വാങ്ങിയ പണംകൊണ്ടു സ്വന്തം മണ്ണിൽ മാത്രമല്ല പാട്ടത്തിനെടുത്ത അയൽഭൂമിയിലും കൃഷി നടത്തി തകർന്നവരാണ് ഇവരെല്ലാം. പാട്ടത്തുക നൽകാൻ നിവൃത്തിയില്ലാതെ ഒളിച്ചോടിയവരും കുറവല്ല.
പത്തു ലക്ഷം രൂപയുടെ കാർഷികകടത്തിൽ മുങ്ങിത്തകർന്ന ഹൃദയത്തോടെ ഫെബ്രുവരി എട്ടിന് ജീവനൊടുക്കുകയായിരുന്നു അടിമാലി ആനവിരട്ടി കൊടക്കല്ലിൽ രാജു (62). അടിമാലി ടൗണിൽ ചെറിയൊരു ജോലിയുമായി കഴിയുന്ന രാജുവിന്റെ മകൻ അനുരാജ് മൊബൈൽ ഫോണിൽ കാണിച്ച കാഴ്ച ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ദിവസവും മൂന്നുനേരം മൊബൈലിൽ വരുന്ന മെസേജ് ബാങ്കിൽനിന്നുള്ള അറിയിപ്പാണ്. താങ്കളുടെ ബാങ്ക് കടം 12 ലക്ഷം രൂപ കടന്നിരിക്കുന്നു എന്നതാണ് അറിയിപ്പ്. ഇത്തരത്തിൽ വന്ന പതിനായിരത്തിലേറെ അറിയിപ്പ് മാത്രമല്ല തുടരെ വന്നുകൊണ്ടിരിക്കുന്ന ഫോണ് കോളുകളും ജീവിതം താറുമാറാക്കുന്നു. പല ബാങ്കുകളും കടഭാരവും ജപ്തി അറിയിപ്പും അറിയിക്കാനുള്ള ജോലി കോൾ സെന്ററുകളെ ഏൽപ്പിച്ചിരിക്കുന്നു.
അനുരാജ് മാത്രമല്ല കടത്തിൽ മുങ്ങി ജീവനൊടുക്കിയവരുടെയെല്ലാം വീടുകളിലെ അംഗങ്ങൾക്ക് ഇത്തരത്തിൽ മെസേജും ഫോണുകളും വരുന്നുണ്ട്. കൊലവിളിപോലെ അനുഭവപ്പെട്ട ഈ കോളുകൾ ഒട്ടനവധി കുടുംബങ്ങളുടെ ജീവിതം തന്നെ അലോസരപ്പെടുത്തുകയാണ്. രാജുവിന് “ആകെ എണ്പതു സെന്റ് സ്ഥലമുണ്ട ായിരുന്നു. ബാധ്യത പെരുകി ജപ്തി വന്നപ്പോൾ ഇളവുകിട്ടാൻ ഹൈക്കോടതിയെ വരെ സമീപിച്ചു. പ്രളയം വന്നപ്പോൾ മോറട്ടോറിയം അനുവദിച്ചതായി അറിയിപ്പുണ്ടായിരുന്നു. ഒരു ആനുകൂല്യം പോലും തരാതെ ബാങ്കുകൾ കൊല്ലാക്കൊല ചെയ്യുകയാണ്. പലിശയെങ്കിലും ഇളവാക്കി കടം ഗഡുക്കളായി അടയ്ക്കാൻ അനുവാദം കിട്ടിയിരുന്നെങ്കിൽ ആശ്വാസമായേനെ.’
അനുരാഗിനെപ്പോലെ നിരവധി ഗ്രാമങ്ങളിൽ കടംകയറി നിരവധി കർഷകർ ഇതുതന്നെ ആവർത്തിക്കുന്നു. കടങ്ങളിൽ ഇളവുണ്ടാകണം. പ്രതീക്ഷയുടെ പുതുനാന്പുകൾ ഹൈറേഞ്ചിൽ മുളക്കണം.
ചിത്രം ബിബിന് സേവ്യര്